ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പെരുമണ്ണ:കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ എടുത്തുകൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് കുട്ടിയെ വീടിന്റെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്ബത്ത് മാമുക്കോയയുടെ വീട്ടിലാണ് സംഭവം.
മാമുക്കോയയുടെ മകന്‍ മുഹമ്മദ് ഐസാനെയാണ് തൊട്ടിലില്‍നിന്ന് എടുത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് കോണിക്കൂട്ടിലെ പഴയതുണികള്‍ കൂട്ടിയിട്ടതിനുമുകളില്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ തൊട്ടിലില്‍ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളില്‍ കണ്ടെത്തിയത്. കുട്ടി അണിഞ്ഞിരുന്ന ഒരുപവന്‍ വരുന്ന ഇരുകാലിലെയും തണ്ട, ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിന്‍, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയിട്ടുണ്ട്.

ഒരുനിലയുള്ള കോണ്‍ക്രീറ്റ് വീടിന്റെ കോണിക്കൂടിന്റെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിന്റെ ചുമരില്‍ ജനലിനരികെ ചവിട്ടിയ അടയാളങ്ങളുണ്ട്. മാമുക്കോയയും ഭാര്യയും ആറുവയസ്സുകാരിയായ മറ്റൊരുമകളും പ്രായമായ ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പന്തീരാങ്കാവ് പോലീസ് എ.എസ്.ഐ. സി. വിനായകന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

