ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇനി ആറ് പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തെരച്ചില്‍ നിര്‍ത്തിവച്ചു. ഇന്നലെ വരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് ഇവരെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ തെരച്ചില്‍ വ്യാപിപ്പിക്കും. ഇതിന് സന്നദ്ധ പ്രവര്‍ത്തകരുടെയും ഡോഗ് സ്ക്വാഡിന്‍റെയും സഹായം തേടും. ദേശീയ ദുരന്ത നിവാരണ സംഘത്തിനൊപ്പം ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തുന്നത്. കട്ടിപ്പാറ പ്രദേശത്ത് മഴ കുറഞ്ഞത് തെരച്ചിലിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ കരിഞ്ചോലമലയിലെ അനധികൃത തടയണ നിര്‍മാണത്തെ കുറിച്ച് ദുരന്ത നിവാരണ വകുപ്പിലെ പ്രത്യേകസംഘം അന്വേഷിക്കും.

കിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് തിരച്ചിലിനിടയില്‍ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടിയാണ് അവസാനമായി കണ്ടെത്തിയത്. മരിച്ച ഹസന്റെ ചെറുമകള്‍ ഒരു വയസുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായിരുന്നു. കണ്ടെത്താനുള്ള ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേരുടെ മൃതദേഹം ഖബറടക്കി. അബ്ദുറഹിമാന്‍റെ ഭാര്യ, ഹസന്‍റെ ഭാര്യ, മകള്‍, മരുമകള്‍, രണ്ട് പേരക്കുട്ടികള്‍ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.

ദുരിത ബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 248 പേരാണ് ഇപ്പോള്‍ ക്യാംപുകളില്‍ ഉള്ളത്. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കളക്‌ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ 1077 എന്ന നമ്ബറില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു.




