ഉന്നാവ്: പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് അമ്മ

ലഖ്‌നൗ: വാഹനപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയേക്കില്ല. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വെന്റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ അമ്മ വിസമ്മതിച്ചു.അപകടം പറ്റിയത് മുതല്‍ അവള്‍ അബോധാവസ്ഥയിലാണ്. ചെറിയ പുരോഗതി ഉണ്ടായാല്‍ മാറ്റമെന്നും കുടുംബം അറിയിച്ചു.
കുടുംബവുമായി ആലോചിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട അഞ്ചു കേസുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ കുടുംബത്തിന് താത്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്ന സാഹചര്യത്തിലാണിത്. നിലവില്‍ ഇവിടെ നിന്ന് തന്നെ പരമാവധി ചികിത്സ ലഭ്യമാകുന്നുണ്ട്. അതില്‍ തങ്ങള്‍ തൃപ്തരാണെന്ന് പെണ്‍കുട്ടിയുടെ മാതാവ് അറിയിച്ചു.

വിമാനമാര്‍ഗം പെണ്‍കുട്ടിയേയും ഒപ്പം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഭിഭാഷകനേയും ഡല്‍ഹിലെത്തിക്കുന്നതിനുള്ള സാധ്യതകളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാഞ്ഞിരുന്നത്.

പെണ്‍കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ യുപി സര്‍ക്കാരിനോട് നല്‍കാനും പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫിനോട് സുരക്ഷയൊരുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് സിആര്‍പിഎഫ് സുരക്ഷാ ചുമത ഏറ്റെടുത്തിട്ടുണ്ട്.
