ഉന്നാവ് പെണ്‍കുട്ടിയുടെ കത്ത് ചീഫ് ജസ്‌റ്റിസ് വ്യാഴാഴ്ച പരിശോധിക്കും
ഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സേംഗാറില്‍നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. കത്ത് കിട്ടാന്‍ വൈകിയതിലുള്ള റിപ്പോര്‍ട്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യാഴാഴ്ചപരിഗണിക്കും.
ഉന്നാവ് പെണ്‍കുട്ടി അയച്ച കത്തിനെക്കുറിച്ച് കഴിഞ്ഞദിവസമാണ് തനിക്ക് വിവരം ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിങ് സേംഗര്‍ എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ജൂലായ് 12-നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

ജൂലായ് 12-ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി, കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന് അയച്ച ഈ കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ചൊവ്വാഴ്ച ഉച്ചവരെ ഈ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിന്റെ പ്രതികരണം. കത്ത് ലഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച് അദ്ദേഹം സുപ്രീംകോടതി രജിസ്ട്രിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.



