ഉന്നാവോ പീഡനക്കേസ്: മുൻ ബി.ജെ.പി എം.എൽ.എ കുറ്റക്കാരൻ

ഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കുറ്റക്കാരന്‍. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണു സെന്‍ഗാറിനെ കുറ്റക്കാരനെന്നു വിധിച്ചത്. ഈ മാസം 19-ന് കേസില്‍ കോടതി ശിക്ഷ വിധിക്കും. കേസിലെ മറ്റൊരു പ്രതി ശശി സിംഗിനെ കോടതി കുറ്റവിമുക്തനാക്കി.
2017-ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ സെന്‍ഗാര്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം നടക്കുന്പോള് പരാതിക്കാരിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. പിന്നീടു മൂന്നു പേര് ചേര്‍ന്നും ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചു. പിന്നീട് കേസെടുത്തെങ്കിലും ബിജെപി എംഎല്‍എയെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി.

സ്വന്തം എംഎല്‍എയ്ക്കെതിരേയുള്ള ആരോപണമായതിനാല്‍ തുടക്കത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം വൈകിപ്പിച്ചു. എന്നാല്‍ നീതി തേടി പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടൊപ്പം ജനരോഷവും ശക്തമായതോടെ അന്വേഷണസംവിധാനങ്ങള്‍ ചലിച്ചുതുടങ്ങി. ഉന്നാവോയില്‍ ഏറെ സ്വാധീനമുള്ളയാളാണ് ആരോപണവിധേയനായ എംഎല്‍എ. ലക്നോയില്നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഉന്നാവോ. നാലുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാളാണ് കുല്‍ദീപ് സിംഗ്.

എംഎല്‍എയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആയുധനിയമം ചുമത്തി ഏപ്രില്‍ മൂന്നിന് പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് പിടികൂടി. ഏപ്രില്‍ അഞ്ചിന് ഇദ്ദേഹത്തെ ജയിലിലടച്ചു. ഇതിനുപിന്നാലെ പിതാവ് പപ്പു സിംഗ് ദുരൂഹസാഹചര്യത്തില്‍ ജയിലില്‍ മരിച്ചു. പപ്പുസിംഗിൻ്റെ ശരീരത്തില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ജൂലൈയില്‍, പരാതിക്കാരി സഞ്ചരിച്ച കാറില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിക്കുകയും അവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പരാതിക്കാരിയുടെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചു. ഈ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
