ഉന്നതവിജയം നേടിയ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് ബപ്പൻകാടിന്റെ സ്‌നേഹോപഹാരം

കൊയിലാണ്ടി: എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ ആതിരയെ കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു.
അച്ഛനും അമ്മയും സഹോദരനുമടങ്ങുന്നതാണ് ആതിരയുടെ കുടുംബം. കർണ്ണാടകയിലെ മൈസൂരിൽ കൊലൈഹാല താലൂക്കിലാണ് ഇവരുടെ ജന്മസ്ഥലം. കഴിഞ്ഞ നിരവധി വർഷങ്ങളായി ഇതര സംസ്ഥാനങ്ങളിൽ റെയിൽവെയുമായി ബന്ധപ്പെട്ട കമ്പയിൽ കരാർജോലി ചെയ്യുന്നവരാണ് ഇവർ. കൊയിലാണ്ടി ബപ്പൻകാട് അടിപ്പാത നിർമ്മാണത്തിനായി കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇവിടെ താമസിച്ചുവരികയായിരുന്നു. 90 ശതമാനം മാർക്ക് നേടിയാണ് ആതിര വിജയിച്ചത്.

കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ആതിരക്ക് ഉപഹാരം കൈമാറി. നഗരസഭാ കൗൺസിലർ എസ്. കെ. വിനോദ്, എസ്. കെ. പ്രകാശൻ, ബാബുരാജ്, വിജയരാജ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

