ഉത്സവാഘോഷങ്ങൾക്ക് സ്ത്രീകളുടെ കൂട്ടായ്മ ശ്രദ്ധേയമാവുന്നു

കൊയിലാണ്ടി: ഉത്സവാഘോഷങ്ങൾക്ക് സ്ത്രീകളുടെ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിനാണ് കൊരയങ്ങാട് പ്രദേശത്തെ സ്ത്രീകൾ സജീവമായി രംഗത്തുള്ളത്.
ഉൽസവത്തോടനുബന്ധിച്ച് ദിവസേന നടക്കുന്ന പ്രസാദ ഊട്ടിന് സ്ത്രീകളാണ് ഭക്ഷണം ഭക്തജനങ്ങൾക്ക് നൽകുന്നത്. വനിതാ കമ്മിറ്റിയുടെ 85 ഓളം വനിതകൾ ഇതിനായി സജീവ സാന്നിധ്യണ്. കൂടാതെ പ്രഭാത ഭക്ഷണം നൽകാനും വൈകീട്ടുളള ലഘുഭക്ഷണം നൽകുന്നതിനും സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ദീപാരാധനയിലും സ്ത്രീകളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമാണ്.

ഉൽസവാഘോഷ കമ്മിറ്റി രൂപീകരിക്കുമ്പോൾ തന്നെ പ്രത്യേകമായി വനിതാ കമ്മിറ്റി വിളിച്ചു ചേർത്ത് സ്ത്രീകളുടെ സേവനം ഉറപ്പു വരുത്തുന്നു. ക്ഷേത്ര നഗരിയിലെ ശുചീകരണം, ക്ഷേത്രത്തിനു പുറത്തെ വിളക്ക് തെളിയിക്കൽ അടക്കം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. ഇതിനായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രവർത്തികൾ പൂർത്തീകരിക്കുന്നത്.

ഭക്ഷണശാലയിലാണ് സ്ത്രീകളുടെ വലിയ അദ്ധ്വാനം ഭക്ഷണം വിളമ്പാനും, പാത്രം കഴുകാനും, ഭക്ഷണം കഴിച്ച പ്ലെയിറ്റ് ചൂടുവെള്ളത്തിൽ കഴുകാനും ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും, മാറി മാറിയാണ് സ്ത്രീകൾ ഊട്ടുപുരയിൽ സേവനം നടത്തുന്നത്. ഇവരുടെ സേവനത്തിലൂടെ സ്ത്രീ ശാക്തീകരണമാണ് ഇവിടെ ഉറപ്പു വരുത്തുന്നത്. ഉൽസവം തുടങ്ങിയാൽ കഴിയുന്നതുവരെ സ്ത്രീകൾ കൊരയങ്ങാട്ടമ്മയ്ക്ക് വേണ്ടി സേവന സന്നദ്ധരാകുന്നു.

