ഉത്സവം 2017; കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നാളെ മുതല്‍

കോഴിക്കോട്: ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഉത്സവം 2017 പരിപാടിയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നാളെ മുതല്‍ 11 വരെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കും. വിവിധ ജില്ലകളിലെ പ്രഗത്ഭ കലാകാരന്മാര് അവതരിപ്പിക്കുന്ന തെയ്യം, പടയണി, കാക്കാരശ്ശിനാടകം , നങ്ങ്യാര്‍കളി, നാടന്‍പാട്ടുകള്‍ എന്നിവയുടെ അവതരണം എല്ലാദിവസവും വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയായിരിക്കും. നാളെ വൈകീട്ട് അഞ്ചു മണിക്ക് പുരുഷന് കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാവും. ഡോ. രാഘവന് പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിക്കും.
കൗണ്‍സിലര്‍ അനിത രാജന്, ആര്.ഡി.ഒ ഷാമിന് സെബാസ്റ്റിയന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, മുസഹഫര്‍ അഹമ്മദ്, ടി. പവിത്രന്, ശ്രീനിവാസന് എന്നിവര്‍ സംസാരിക്കും. ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റി അവതരിപ്പിക്കുന്ന വട്ടപ്പാട്ട്, ഒപ്പന, സരിത് ബാബു അവതരിപ്പിക്കുന്ന തെയ്യം എന്നിവ ഉദ്ഘാടന ദിവസംഅരങ്ങേറും. ആറിന് കാക്കാരശ്ശി നാടകം, പൂരക്കളി, ഏഴിന് ചവിട്ടുനാടകം, കുറത്തിയാട്ടം, എട്ടിന് കരിന്തലക്കൂട്ടത്തിന്െറ നാടന്‍പാട്ട്, കേതരാട്ടം, ഒമ്ബതിന് വേലകളി, കണ്യാര്‍കളി, പത്തിന് തിറയാട്ടം, ആദിവാസി കലകള്‍, 11ന് മംഗലംകളി, നോക്കുപാവകളി എന്നിവയാണ് പരിപാടികള്‍.
