KOYILANDY DIARY.COM

The Perfect News Portal

ഇ-ഹെല്‍ത്ത് പദ്ധതിക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: പൊതുജനാരോഗ്യ ചികിത്സാമേഖലയില്‍ വന്‍ വഴിത്തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് (ജീവന്‍രേഖ) പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 96.12 കോടി ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കും. ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ഏഴു ജില്ലകളെയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി.

സര്‍ക്കാര്‍മേഖലയിലെ അലോപ്പതി ചികിത്സാകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും പൊതുജനാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇത്തരമൊരു പദ്ധതി രാജ്യത്താദ്യമാണെന്ന് മന്ത്രി കെ. കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീടുവീടാന്തരം ശേഖരിക്കുന്ന വിവരങ്ങളും ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങളുമാണ് ഡിജിറ്റലായി ശേഖരിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ടാബ്ലെറ്റ് കംപ്യൂട്ടര്‍ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ വ്യക്തികളുടെ ആധാര്‍, വോട്ടര്‍കാര്‍ഡ് തുടങ്ങിയ വ്യതിരിക്ത നമ്പര്‍ മുഖേന ബന്ധിപ്പിച്ച് സമഗ്രത ഉറപ്പാക്കും. ഓരോ
പൗരന്റെയും ചികിത്സാരേഖകള്‍ കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാസ്ഥാപനങ്ങളില്‍ തടസ്സമില്ലാതെ തുടര്‍ചികിത്സ ഉറപ്പാക്കാനാകും. ഇതോടെ ഒപി, ലബോറട്ടറി, ഫാര്‍മസി, എക്സ്റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇല്ലാതാകും.

Advertisements

ആരോഗ്യവിവരങ്ങള്‍, ആശുപത്രികളെയും ഓരോ സ്ഥലത്തെയും പ്രത്യേക ചികിത്സകളെയും സംബന്ധിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ അപോയ്ന്റ്മെന്റ് തുടങ്ങിയവ പുതുതായി തുടങ്ങുന്ന വെബ്പോര്‍ട്ടല്‍ വഴി ലഭ്യമാകും. വൈദ്യശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യസംരക്ഷണ നയപരിപാടികളുടെ രൂപീകരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സമഗ്രപുരോഗതിക്ക് പദ്ധതി സഹായകമാകും.

തിരുവനന്തപുരം ജില്ലയില്‍ വേളി, ചെറുന്നിയൂര്‍, ഉഴമലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, വെള്ളനാട്- മണമ്പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ചിറയിന്‍കീഴ്- ഫോര്‍ട്ട് താലൂക്കാശുപത്രികള്‍, പേരൂര്‍ക്കട ജില്ലാ ആശുപത്രി, തൈക്കാട് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി, സ്റ്റേറ്റ് ടിബി സെന്റര്‍, പബ്ളിക് ഹെല്‍ത്ത് ലാബ്, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് ജില്ലയിലെ മറ്റ് ആരോഗ്യസ്ഥാപനങ്ങളിലേക്കും ആദ്യഘട്ടത്തിലുള്ള മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. മറ്റു ജില്ലകളെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി.ബുധനാഴ്ച വൈകിട്ട് പേരൂര്‍ക്കട ഗവ. ജില്ലാ മോഡല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *