ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ യുവാവാണ് പിടിയിലായത്. പന്തീരാങ്കാവ് പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് കാണാതായത്. ബന്ധുക്കള്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നഗരത്തിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനിലെ നാല്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചത്. ഇതിലൊരെണ്ണത്തില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോയി കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ കണ്ടെത്തി.

പൊലീസ് ടിക്കറ്റെടുത്ത സമയംവച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയേയും കൊണ്ട് യുവാവ് പോയത് കൊല്ലത്തേക്കുള്ള ട്രെയിനിലാണെന്ന് മനസിലായി. റെയില്‍വേ പൊലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോടു നിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. പിന്നാലെ പൊലീസ് ടിക്കറ്റ് കൗണ്ടറില്‍ യുവാവ് കൊടുത്ത വിവരങ്ങള്‍ പരിശോധിച്ചു. അജാസെന്ന പേരു മാത്രമേ ഉണ്ടായിരുന്നുള്ളു. ഫോണ്‍ നമ്ബര്‍ ഇല്ലായിരുന്നു.


പേര് വച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സോഷ്യല്‍ മീഡിയയില്‍ തപ്പി. ഈ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലെ ഫോണ്‍ നമ്ബരുകള്‍ പരിശോധിച്ചു. ഇതില്‍ ഒരെണ്ണത്തിന്റെ ലൊക്കേഷന്‍ കൊട്ടാരക്കരയാണെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പൊലീസ് കൊട്ടാരക്കരയില്‍നിന്ന് തിരിച്ചിട്ടുള്ള മൂന്ന് ബസുകള്‍ രാത്രി വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഇതിലൊരു ബസില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ അജാസിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും, പ്രണയത്തിലായതും.


