ഇന്റര്‍സിറ്റി എക്സ്പ്രസ് കൊയിലാണ്ടി സ്റ്റേഷനില്‍ നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു. രണ്ട് ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. രാവിലെ 9.40-ന് കോഴിക്കോട്ടെത്തുന്ന ആലപ്പുഴ-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പനുവദിച്ചാല്‍ സ്ഥിരം യാത്രക്കാര്‍ അടക്കം നിരവധിപേര്‍ക്ക് ഗുണകരമാകും. ഈ വണ്ടി മംഗലാപുരത്തുനിന്ന് തിരിച്ച് 2.45-നാണ് കൊയിലാണ്ടിവഴി പോകുന്നത്. രാവിലെ 10.50-ന് കോഴിക്കോട്ടെത്തുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയും കൊയിലാണ്ടിയില്‍ നിര്‍ത്താറില്ല.
കൊയിലാണ്ടി സ്റ്റേഷനില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ എത്തുന്ന മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്നുപോയാല്‍ യാത്രക്കാര്‍ക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള മറ്റൊരു വണ്ടി നിര്‍ത്താന്‍ നാലുമണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോഴുമുള്ളത്. ഈ നാലുമണിക്കൂറിനുള്ളില്‍ കൊയിലാണ്ടിയില്‍ നിര്‍ത്താതെ രണ്ട് ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ അടക്കം മൂന്നുവണ്ടികള്‍ കടന്നുപോകുന്നുണ്ട്.

ഉച്ചയ്ക്ക് 12.05-നുശേഷം കൊയിലാണ്ടി സ്റ്റേഷനില്‍ നിര്‍ത്തുന്നത് 4.20-ന്റെ കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ വണ്ടി മാത്രമാണ്. 2.45-ന് കടന്നുപോകുന്ന മംഗലാപുരം-കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിനോ മൂന്നരയ്ക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിനോ കൊയിലാണ്ടിയില്‍ സ്റ്റോപ്പനുവദിച്ചാല്‍ നൂറുകണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. വടകര കഴിഞ്ഞാല്‍ കോഴിക്കോട്ടുമാത്രമാണ് ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ക്ക് സ്റ്റോപ്പുള്ളത്.

രാത്രി 10.15-നുള്ള മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് പോയാല്‍ കോഴിക്കോട്ടേക്ക് പിന്നീടുള്ളത് പുലര്‍ച്ചെ 4.20-നുള്ള നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസാണ്. മലബാര്‍ എക്സ്പ്രസ് പോയിക്കഴിഞ്ഞാല്‍, ഏഴുമണിക്കൂറോളം കൊയിലാണ്ടിയില്‍ നിര്‍ത്തുന്ന വണ്ടികളില്ല. ഇതിനുപരിഹാരമായി വേണ്ടത് പുലര്‍ച്ചെ 1.20-ന് ഇതുവഴി കടന്നുപോകുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുകയെന്നുള്ളതാണ്. ഇതുകൂടാതെ പുലര്‍ച്ചെ 5.15-ന് കോഴിക്കോട്ടുനിന്ന് യാത്രതുടങ്ങുന്ന ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ പാസഞ്ചര്‍, കണ്ണൂരില്‍നിന്ന് യാത്ര തുടങ്ങിയാല്‍ തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കും.

ഇന്റര്‍സിറ്റി എക്സ്പ്രസ് കൂടാതെ, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, മംഗലാപുരം -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എന്നിവ കൊയിലാണ്ടിയില്‍ നിര്‍ത്തണമെന്നത് വളരെക്കാലങ്ങളായുള്ള ആവശ്യമാണ്. കൊയിലാണ്ടിയില്‍ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് കൊയിലാണ്ടി സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തിയതും സ്റ്റേഷന്‍ വികസനത്തിന് തുടക്കമിട്ടതും. പുതിയ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചെടുപ്പിക്കുകയാണ് ഇനിവേണ്ടത്. റിസര്‍വേഷന്‍ സൗകര്യവും ഇവിടെ പരിമിതമാണ്. മുന്‍പ് നല്ല വരുമാനമുണ്ടായിരുന്ന ഗുഡ്‌സ് ഷെഡ് പുനഃസ്ഥാപിക്കണമെന്നതും ആവശ്യമാണ്.
