ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യത: കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക റിപ്പോര്‍ട്ട് പ്രകാരം ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യതയുണ്ട്. ചുട്ട്‌പൊള്ളിക്കുന്ന വെയിലിനെ നേരിടാന്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തെ 11 ജില്ലയില്‍ സൂര്യാതാപത്തിന‌് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയില്‍നിന്ന് മൂന്നുമുതല്‍ നാലുഡിഗ്രി വരെ ഉയരും. പാലക്കാട് താപനില ഞായറാഴ്‌ച 40 കടന്നു. ഇതുവരെ സൂര്യാതപമേറ്റ് അഞ്ചുപേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പൊള്ളേലേല്‍ക്കുകയും ചെയ്‌തു. വേനല്‍മഴ കുറഞ്ഞതും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയതുമാണ് താപനില ഉയരാന്‍ കാരണം.

ചൂടില്‍നിന്ന് രക്ഷനേടാന്‍ രാവിലെപ പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ വെയിലത്തുനിന്നുള്ള ജോലി ഒഴിവാക്കുക. പുറത്തിറങ്ങുന്ന സാഹചര്യങ്ങളില്‍ കുട ഉപയോഗിക്കുക. ഇടക്കിടെ വെള്ളം ധാരാളം കുടിക്കുക. കൂടാതെ സംഭാരം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ജ്യൂസ് എന്നിവ കുടിക്കുക. കുടിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പ് വരുത്തണം. ചായ കാപ്പി എന്നിവ ഒഴിവാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെയില്‍ ഏല്‍ക്കുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം

അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കനത്ത ചൂടില്‍ ബൈക്ക് യാത്ര ഒഴിവാക്കുക. ക്ഷീണമോ, ശാരീരിക അസ്വസ്ഥതയോ , അമിത വിയര്‍പ്പൊ തോന്നിയാല്‍ വിശ്രമിക്കുക. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുക. കടുത്ത ക്ഷീണം, അമിത വിയര്‍പ്പ്, മൂത്രം കുറവ്, ഹൃദയമിടിപ്പ് കൂടുക, ശ്വാസോച്ഛ്വാസം കൂടുക, തളര്‍ച്ച, ബോധക്ഷയം, തലകറക്കം എന്നിവ അനുഭവപ്പെടാല്‍ ഉടനെ വൈദ്യസഹായം തേടുക. സൂര്യാഘാതത്തിന് പുറമെ സാംക്രമിക രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ചിക്കന്‍പോക്‌സ്, കോളറ, ഡെങ്കിപനി എന്നിവക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

