ഇന്ധനവില ദിവസവും വര്‍ധിപ്പിക്കുന്നത് ഇന്ത്യയില്‍ മാത്രം: കോടിയേരി
തലശേരി: ഇന്ധനവില ദിവസവും വര്‍ധിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഇങ്ങനെ വിലവര്‍ധിപ്പിക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. ന്ധന വിലവര്‍ധനയിലൂടെ വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. സി എച്ച് കണാരന്‍ ചരമ ദിനത്തില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യുന്ന കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റിയും വെടിവച്ചും കൊല്ലുകയാണ്. കേന്ദ്രമന്ത്രിയുടെ ബന്ധുക്കളാണ് ഈ നിഷ്ഠുര കൃത്യം നടത്തിയത്. എല്ലാ അക്രമത്തെയും നേരിട്ടാണ് കര്‍ഷകസമരം മുന്നേറുന്നത്. കോര്‍പ്പറേറ്റ്വല്‍ക്കരണ നയത്തിലൂടെ സാമ്രാജ്യത്വ അനുകൂല ഹിന്ദുരാഷ്ട്രമാണ് ആര്‍എസ്‌എസ് ലക്ഷ്യമാക്കുന്നത്.


പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യം തന്നെയും വില്‍പനയ്ക്കു വച്ചിരിക്കുന്നു. ഉദാരവല്‍ക്കരണ സാമ്ബത്തികനയത്തിനും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ബദല്‍ നയങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണ് കേരളം. അതിദാരിദ്ര്യത്തില്‍ കഴിയുന്ന അഞ്ചുലക്ഷം കുടുംബങ്ങളെ അതില്‍നിന്ന് മോചിപ്പിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

ഓരോ പ്രദേശത്തെയും ഏറ്റവും ദരിദ്രരായ കുടുംബങ്ങളെ കണ്ടെത്താന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. ജീവിക്കാനാവശ്യമായ സാഹചര്യം അവര്‍ക്ക് സജ്ജമാക്കി കൊടുക്കണം. പാര്‍ടിയുടെ ജനകീയ അടിത്തറ കൂടുതല്‍ വിപുലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി എച്ചിന്റെ ഓര്‍മ ആവേശം പകരുമെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു.





