KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ രാഷ്ട്രീയത്തിൽ അജയ്യനായി പിണറായി

കൊച്ചി:  ലാവ് ലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ ചീറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ലാവ്ലിന്‍ കേസിലാണ് ഹൈക്കോടതി വിധി വന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്.

പിണറായിക്കെതിരെയുള്ള ആരോപണങ്ങള്‍ ഹൈക്കോടതി പൂര്‍ണമായും തള്ളി. പിണറായിയെ തെരഞ്ഞെുപിടിച്ച്‌ സിബി ഐ വേട്ടയാടുകയായിരുന്നുവെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. പിണറായി അടക്കം മൂന്നു പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

പിണറായിയെ കൂടാതെ കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരേയുമാണ് കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം കെ എസ് ഇ ബിയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

Advertisements

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് ആധാരമായത്. ഈ കരാര്‍ ലാവ്ലിന്‍ കമ്ബനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനില്‍ക്കില്ലെന്നുമായിരുന്നു സിബിഐയുടെ വാദം. ലാവ്ലിന്‍ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളില്‍ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാന്‍ വിചാരണ അനിവാര്യമാണെന്നുമാണു സിബിഐക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നത്.

എന്നാല്‍, ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകള്‍ സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ഇടപാടില്‍ ആരും അനര്‍ഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Share news

Leave a Reply

Your email address will not be published. Required fields are marked *