KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയില്‍ തിരശ്ശീലയുയരും

പനാജി: ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയില്‍ തിരശ്ശീലയുയരും. വൈകീട്ട് 4.30ന് പനാജിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍, കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, ബോണി കപൂര്‍, ജാന്‍വി കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇറ്റാലിയന്‍ ചിത്രം ചെയ്ത ‘ആസ്പെന്‍ പേപ്പേഴ്സ് ‘ ആണ് ഉദ്ഘാടനചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ജൂലിയന്‍ ലാന്റേഴ്‌സും സംവിധായകരായ മധൂര്‍ ഭണ്ഡാര്‍കര്‍, സുഭാഷ്ഘായ്, അര്‍ജിത് സിങ്, രമേഷ് സിപ്പി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകും. ഇസ്രയേല്‍ സംവിധായകന്‍ ഡാന്‍ വോള്‍മാനാണ് ഇത്തവണത്തെ സമഗ്ര സംഭാവനയക്കുള്ള പുരസ്‌കാരം.

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനം നാളെ കലാ അക്കാദമിയില്‍ നടക്കും. ഷാജി എന്‍ കരുണിന്റെ ‘ഓള്’ ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. സുഡാനി ഫ്രം നൈജീരിയ, ഈമായൗ, മക്കന, പൂമരം, ഭയാനകം എന്നീ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.

Advertisements

തമിഴില്‍ നിന്ന് മമ്മൂട്ടിയുടെ പേരന്‍പും തെലുങ്കില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച മഹാനദിയും ഇന്ത്യന്‍ പനോരമയിലുണ്ട്. പനോരമയിലെ ഏക ഹ്രസ്വകഥാ ചിത്രമായി രമ്യാ രാജിന്റെ മിഡ്‌നൈറ്റ് റണും പ്രദര്‍ശിപ്പിക്കും.പതിനഞ്ച് ലോക സിനിമകളുടെ മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ലിജിന്‍ ജോസിന്റെ ഈമായൗവും ജയരാജിന്റെ ഭയാനകവും സുവര്‍ണ്ണ മയൂരത്തിനും മത്സരിക്കുന്നുണ്ട്.

68 രാജ്യങ്ങളില്‍നിന്നായി 212 സിനിമകള്‍ ഇത്തവണ ഗോവയില്‍ പ്രദര്‍ശനത്തിനെത്തും. ഓസ്‌കാര്‍ അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും പാക്കേജ് ഇത്തവണത്തെ പ്രത്യേകതയാണ്. ലോകത്തെ മികച്ച മേളകളില്‍ പുരസ്‌കൃതമായ ചിത്രങ്ങളുടെ പാക്കേജുമുണ്ട്. ഇഗ്മാര്‍ ബര്‍ഗ്മാന്‍ ജന്മശതാബ്ദിയോടുനുബന്ധിച്ച്‌ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *