ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ : 351 റണ്‍സിന്റെ വിജയലക്ഷ്യം

പുണെ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. 351 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍ വെച്ചത്. നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തു.
ബാറ്റെടുത്തവരെല്ലാം നിരാശപ്പെടുത്താത്ത ഇന്നിങ്സ് കാഴ്ച്ചവെച്ചതാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജാസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി.

ഏഴാം ഓവറില്‍ ഓപ്പണര്‍ അലെക്സ് ഹെയ്ല്‍സിനെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ രണ്ടാം വിക്കറ്റില്‍ ജാസണ്‍ റോയിയും ജോ റൂട്ടും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 12.1 ഓവറില്‍ 69 റണ്‍സ് പടുത്തുയര്‍ത്തി.

റോയ് 61 പന്തില്‍ 73 റണ്‍സ് നേടി ജഡേജയുടെ പന്തില്‍ പുറത്തായി. 95 പന്തില്‍ 78 റണ്‍സ് കണ്ടെത്തിയ ജോ റൂട്ടിനെ ബുംറ പുറത്താക്കുകയായിരുന്നു. പിന്നീട് ബെന്‍ സ്റ്റോക്ക്സ് മോയിന്‍ അലിയുമായി ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിക്കുയായിരുന്നു. സ്റ്റോക്ക്സ് 40 പന്തില്‍ 62 റണ്‍സ് നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

