ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി

നാദാപുരം: നാദാപുരം മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടങ്ങളിലുള്ള താമസക്കാരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ കേരളം പദ്ധതിയുടെയും ഗരിമ പദ്ധതിയുടെയും ഭാഗമായാണ് പരിശോധന.
ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഗരിമ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാരക രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്താന്‍ തുടങ്ങിയത്.

നാദാപുരം മേഖലയില്‍ മൂവായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തെയും കുമ്മങ്കോട് ഭാഗങ്ങളിലും ഉള്ള താമസ സ്ഥലങ്ങളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കെട്ടിടങ്ങളിലെ താമസ സൗകര്യം, താമസക്കാരുടെ എണ്ണം താമസ സ്ഥലത്തെ ചുറ്റുപാടുകള്‍ എന്നിവ പരിശോധിച്ചു. വൃത്തിഹീനമായ ചുറ്റുപാടില്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

പരിശോധന വരും ദിവസങ്ങളിലും തുടരും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ്ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.പ്രസാദ്, കെ.പി.സജിത് ബാബു, ആര്.ദീപലേഖ, സി.സമീറ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.

