KOYILANDY DIARY.COM

The Perfect News Portal

ഇതരസംസ്ഥാന തൊഴിലാളിയെ താല്‍ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്ന് റോഡിലിട്ടു മര്‍ദ്ദിച്ചു

കൊച്ചി: ഇടപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ റോഡിലിട്ട് മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ പിടിച്ചുവെക്കാന്‍ ചെന്ന ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇടപ്പള്ളി താല്‍ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്നാണ് യുബര്‍ ഈറ്റ്‌സ് ഡെലിവെറി ബോയിയായ ജവഹര്‍ കാരാടിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെവിക്കും തലയ്ക്കും പരിക്കേറ്റ ജവഹര്‍ ഇഎന്‍ടി വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ തടയാന്‍ മരടിലെ ഗുണ്ടാ നേതാവിനേയും സംഘത്തിനേയും റസ്റ്റോറന്റിന്റെ മുന്നില്‍ വിന്യസിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താല്‍ റസ്റ്റോറന്റില്‍ നിന്ന് ഊബര്‍ ഈറ്റ്‌സില്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കിട്ടിയ ജവഹര്‍ അവിടേക്ക് എത്തുമ്ബോള്‍ ഹോട്ടലിലെ മുന്‍വശത്തുള്ള റോഡിലിട്ട് ഒരാളെ മര്‍ദ്ദിക്കുന്ന രംഗം ആണ് കാണുന്നത്. നിരവധി ആളുകള്‍ ഇത് കൂടിനിന്ന് കാണുന്നുണ്ടെങ്കിലും ആരും പിടിച്ചുവെക്കാന്‍ തയ്യാറാകുന്നില്ല . ഈ സമയത്താണ് ജവഹര്‍ വിഷയത്തില്‍ ഇടപെടുന്നത്. മര്‍ദ്ദിക്കുന്ന ആളെ പിടിച്ചു വെച്ചു കൊണ്ട് വിഷയം അവസാനിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലിലേക്ക് കയറി ഓഡര്‍ ഡെലിവറിക്ക് ആളെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ഒപ്പം കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാരനോട് ഹോട്ടലിന് മുന്നില്‍ നടക്കുന്ന സംഭവത്തില്‍ നിങ്ങളെന്താ ഇടപെടാത്തത് എന്ന് ആരാഞ്ഞു.

എന്നാല്‍ ഹോട്ടലിലെ മുതലാളിയുടെ ഇളയമകന്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഇടപെടാനാകില്ല എന്നായിരുന്നു കൗണ്ടറിലെ ജീവനക്കാരന്റ മറുപടി. തുടര്‍ന്ന് ജവഹര്‍ ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. വളരെ പെട്ടെന്നാണ് ഹോട്ടലിലെ ജീവനക്കാരനെ മര്‍ദ്ദിച്ച ഉടമയുടെ ഇളയമകന്‍ എത്തി ജവഹറിനോട് തട്ടിക്കയറിയത്. 40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലില്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു ജവഹറിനോട് ആക്രോശിച്ചത്. ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജവഹര്‍ പറഞ്ഞു. ആരെ തല്ലുന്നത് കണ്ടാലും നി പ്രതികരിക്കുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു തുടര്‍ന്നുള്ള പ്രകോപനം.

Advertisements

അടിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ അടിക്കെടാ എന്നുപറഞ്ഞുകൊണ്ട് പിടിച്ചുതള്ളി മുഖത്തും തലയിലും പിടിച്ചുകൊണ്ട് തുടര്‍ച്ചയായി പ്രകോപിപ്പിച്ചു. ഈ സമയം പ്രശ്‌നങ്ങളുണ്ടാക്കാന്‍ താനില്ലെന്ന് പറഞ്ഞുകൊണ്ട് ഹോട്ടല്‍ ഉടമയുടെ മകനെ തള്ളിയിട്ട് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മറ്റ് ജീവനക്കാരും ഉടമയുടെ മകനും ചേര്‍ന്ന് ഹോട്ടലിന് അകത്തു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. ഇടയ്ക്ക് മര്‍ദ്ദനം നിര്‍ത്തിയപ്പോള്‍ ജവഹര്‍ റസ്റ്റോറന്റിന് പുറത്തേക്കിറങ്ങി ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തടഞ്ഞു. പിന്നാലെ ഹോട്ടലുടമയുടെ മൂത്തമകനും സംഘവും എത്തി വീണ്ടും മര്‍ദ്ദിച്ചു. ഏകദേശം അര മണിക്കൂറിലധികം തുടര്‍ച്ചയായ മര്‍ദ്ദനമേറ്റുവെന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജവഹര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ജവഹറിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ജവഹറിനെ മര്‍ദിക്കുന്ന സമയത്തും നിരവധി ആളുകള്‍ ഇത് കാണുന്നുണ്ടെങ്കിലും ആരും തടയാന്‍ ശ്രമിച്ചില്ല .ഹോട്ടലില്‍ ജീവനക്കാരെ ഉടമ മര്‍ദ്ദിക്കുന്നത് ഇവിടെ തുടര്‍ക്കഥയാണെന്നാണ് സമീപത്തെ മറ്റ് സ്ഥാപനത്തിലെ ജീവനക്കാര്‍ മറുനാടനോട് പറഞ്ഞത്. നിരവധി പരാതികള്‍ റസ്റ്റോറന്റിനെതിരെ കളമശ്ശേരി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഊബര്‍ ഈറ്റ്‌സ് ഡെലിവറിയക്കായി റസ്റ്റോറന്റില്‍ എത്തിയ ജവഹര്‍ ഓര്‍ഡര്‍ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ അങ്ങോട്ട് കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റസ്റ്റോറന്റ് ഉടമ പൊലീസില്‍ നല്‍കിയ കൗണ്ടര്‍ പരാതി. എന്നാല്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നാണ് ജവഹര്‍ മറുനാടനോട് പറഞ്ഞത്.

ജവഹറിനെതിരെ നടന്ന മര്‍ദ്ദനത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. മലപ്പുറം സ്വദേശിയായ ജവഹര്‍ തൊഴില്‍ തേടിയാണ് കൊച്ചിയിലെത്തുന്നത് . തുടര്‍ന്ന് തൊഴിലിനൊപ്പം കൊച്ചിയിലെ സാംസ്‌കാരിക മേഖലയിലും ജവഹര്‍ നിറസാന്നിധ്യമാണ്. പ്രളയ കാലഘട്ടത്തില്‍ ജവഹറും സുഹൃത്തുക്കളും നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. മുഴുവന്‍സമയ ഊബര്‍ തൊഴിലാളിയായിരുന്ന ജവഹര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടാനാണ് ഇപ്പോള്‍ ജോലി പാര്‍ട്ടൈം ആക്കിയത് .ഏതാനും ദിവസങ്ങളായി നിര്‍ത്തിവച്ചിരുന്ന ജോലി ഇന്നലെയാണ് വീണ്ടും തുടങ്ങുന്നത്. ഹോട്ടല്‍ ജീവനക്കാരും ഉടമയുടെ മക്കളും ചേര്‍ന്ന് നടത്തിയ മര്‍ദ്ദനത്തില്‍ ജവഹറിന്റെ പുറത്തും ദേഹത്ത് ആകമാനവും നീര്‍ക്കെട്ടുണ്ട്. ചെവിയുടെ ഡയഫ്രത്തിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ആദ്യ പരിശോധനയില്‍ വ്യക്തമായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *