ഇടുക്കി; സര്‍ക്കാര്‍ ഭൂമിയിലെ മൂന്ന് ഏക്കര്‍ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു

ഇടുക്കി: താലൂക്കില്‍ കഞ്ഞിക്കുഴി വില്ലേജില്‍ തട്ടേക്കല്ല് ഭാഗത്ത് വണ്ണപ്പുറം ചേലച്ചുവട് റോഡിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഉദ്ദേശം മൂന്ന് ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം ഇടുക്കി ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഞ്ഞിക്കുഴി വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു.
തൊടുപുഴ താലൂക്കിലെ മുതലക്കോടം സ്വദേശിയായ ചിറ്റടിമാലില്‍ മോഹനന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജ സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ച് ഭൂമി കൈവശപ്പെടുത്തിയിരുന്നത്. സ്ഥലത്ത് സ്ഥാപിച്ചിരുന്ന വ്യാജ സര്‍വ്വെ കല്ലുകള്‍ വില്ലേജാഫീസറുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് ഭൂമി സര്‍ക്കാര്‍ അധീനതയിലെടുത്തു.

കഞ്ഞിക്കുഴി വില്ലേജ് ഓഫീസര്‍ സജി മാത്യു, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്‍. ധീരജ് എന്നിവരും മറ്റ് വില്ലേജ് ജീവനക്കാരും ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. കേരള ഭൂസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അനധികൃത കയ്യേറ്റം നടത്തിയ ആള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളതായും കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും ആര്‍.ഡി.ഒ എം.പി വിനോദ് അറിയിച്ചു.

