KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും: മന്ത്രി എംഎം മണി

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2,398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ട്രയണ്‍ റണ്‍ നടത്തേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിലവില്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിക്കുന്ന പശ്ചാത്തലത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നത് ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച്‌ ധാരണ നല്‍കുന്നതിന് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ അണക്കെട്ട് തുറക്കേണ്ടതില്ല എന്നതാണ് തീരുമാനം. എന്നാല്‍ തുലാവര്‍ഷത്തില്‍ ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരും. മുന്‍ കാലങ്ങളിലും ഇതേ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ആവശ്യമെങ്കില്‍ ട്രയല്‍ റണ്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 10 മിനിട്ടുകൊണ്ട് ഘട്ടം ഘട്ടമായി 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാകും ട്രയല്‍ റണ്‍ നടത്തുക. ട്രയല്‍ റണ്‍ നാല് മണിക്കൂറോളം നീണ്ട് നില്‍ക്കും. ജലനിരപ്പ് 2,397 ആയാല്‍ മുന്നറിയിപ്പ് നല്‍കും.

Advertisements

നിലവില്‍ 2,396.12 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി ജലനിരപ്പ് ഉയരുന്നില്ല. വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് കുറവ് വന്നിട്ടുണ്ട്. നീരൊഴുക്കിനും കുറവ് വന്നിട്ടുണ്ട്. ശക്തമായ മഴ പെയ്തില്ലെങ്കില്‍ 2,398 ലെത്താന്‍ ഇനിയും കുറഞ്ഞത് മൂന്ന് നാല് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *