ആവളപാണ്ടിയില്‍ തരിശുപാടത്തിറക്കിയ നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്
 
        പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടിയില്‍ തരിശുപാടത്തിറക്കിയ നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. ഞായറാഴ്ച നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയെ ജൈവകൃഷിരീതിയിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ആവളപാണ്ടിയിലെ നടീല്‍ ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി സമ്മാനിച്ച പറ നടന് ശ്രീനിവാസനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും മന്ത്രി എ.കെ. ശശീന്ദ്രനും ചേര്‍ന്ന് നിറച്ചു. നടീല്‍ ഉത്സവത്തിന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മേധാവി യു. ജയകുമാരനാണ് മുഖ്യമന്ത്രി ഉപഹാരമായി പറ നല്‍കിയത്. ഇത് നിങ്ങള്‍ നിറച്ചുതരണമെന്നായിരുന്നു ആവശ്യം.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ചികിത്സയില്‍ക്കഴിയുന്ന മന്ത്രി ടി.പി. രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യാതിഥിയായി. പുരുഷന് കടലുണ്ടി എം.എല്‍.എ., മണ്ഡലം വികസനമിഷന് ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, ഡോ. യു. ജയകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.സി. സതി, കെ. കുഞ്ഞിരാമന് തുടങ്ങിയവര്‍ സംസാരിച്ചു.



 
                        

 
                 
                