ആലപ്പുഴ ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗഭീഷണി
ആലപ്പുഴ : ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗഭീഷണി. വൈറല്‍ പനി, ചിക്കന്‍പോക്‌സ് എന്നിവയ്ക്കു പിന്നാലെ ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലാണു രോഗം കണ്ടെത്തിയത്. ഏതെങ്കിലുമൊരു പ്രദേശത്ത് രോഗം സ്ഥിരീകരിച്ചാല്‍ അവിടെ ടാമി ഫല്‍ (ഒസള്‍ട്ടാമിവര്‍) ഗുളിക നല്‍കണമെന്നാണു വ്യവസ്ഥ.
ജില്ലയില്‍ കാല്‍ലക്ഷത്തോളം പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കിയിട്ടും വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നു പരാതി ഉയര്‍ന്നിരുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍, വൃക്കരോഗം, ഹൃദ്രോഗം, കരള്‍രോഗം, എച്ച്.ഐ.വി എന്നിവ പിടിപെട്ടവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വന്നാല്‍ മാരകമാകാം. മരണംവരെ സംഭവിച്ചേക്കാം. 2009നുശേഷം ഇന്‍ഫല്‍വന്‍സ വൈറസ് ഇവിടത്തെ അന്തരീക്ഷത്തിലുണ്ട്. അതിനാല്‍ എച്ച് വണ്‍ എന്‍ വണ്‍ സാധാരണമായിട്ടുണ്ട്.

ഇതുവരെ 40 പേരുടെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. സംശയമുള്ളവരുടെ സ്രവമെടുത്ത് പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നത്.

2009ലാണു സംസ്ഥാനത്ത് ആദ്യമായി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. രോഗലക്ഷണവുമായെത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. പനിക്കു പുറമേ കഠിനമായ തൊണ്ടവേദന, അതിസാരം, ശ്വാസംമുട്ടല്‍, രക്തംപൊടിച്ചില്‍ തുടങ്ങിയവയാണു രോഗത്തിന്റെ ലക്ഷണങ്ങള്‍.

