ആറന്മുള ഉത്രട്ടാതി ജലമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച നടക്കുന്ന ജലമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇത്തവണ 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങളാണ് മത്സരത്തില്‍ പെങ്കെടുക്കുക.
ഐതിഹ്യവും മത്സരവും ഒത്തുചേരുന്ന പ്രസിദ്ധമായ ഉത്രട്ടാതി ജലമേളക്കായി പമ്പാനദിയുടെ കരകള്‍ ഒരുങ്ങി കഴിഞ്ഞു. ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്‍ഠാവാര്‍ഷികത്തിനോട് അനുബന്ധിച്ച് നടത്തുന്ന ജലമേളയില്‍ ഇത്തവണ എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് മത്സരിക്കുന്നത്. എ ബാച്ചില്‍ 35 ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും മത്സരിക്കും.

ജലമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും മത്സരവള്ളം കളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്യുക. കുറഞ്ഞസമയം കൊണ്ട് പരമ്പരാഗത ശൈലിയില്‍ തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളാണ് ഫൈനലില്‍ മത്സരിക്കുക.

ഉച്ചയ്‍ക്ക് ഒന്നരമണിക്ക് ജലോല്‍സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര അരംഭിക്കും. 52പള്ളിയോടങ്ങളും ജലഘോഷയാത്രയില്‍ പങ്കെടുക്കും. അതിന് ശേഷമായിരിക്കും മത്സര വള്ളംകളി ആരംഭിക്കുക. വള്ളംകളിയില്‍ സുരക്ഷ ഉറപ്പാക്കുക്കുന്നതിന്‍റെ ഭാഗമായി നീന്തല്‍ അറിയാവുന്നവരെ മാത്രമേ പള്ളിയോടങ്ങളില്‍ കയറ്റാവു എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം സുരക്ഷാ ഉപകരങ്ങള്‍ പള്ളിയോടങ്ങളില്‍ കരുതണമെന്നും പള്ളിയോടസംഘം കരക്കാരെ അറിയിച്ചിട്ടുണ്ട്. പവലിയന്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

