KOYILANDY DIARY

The Perfect News Portal

ആര്‍എസ്എസ് അക്ഷരവിരോധികള്‍ തീയിട്ട എ കെ ജി സ്മാരക വായനശാല പുനര്‍ജനിക്കുന്നു

തിരൂര്‍ > ആര്‍എസ്എസ് അക്ഷരവിരോധികള്‍ തീയിട്ട തിരൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല നാടിന്റെ കൂട്ടായ്മയിലൂടെപുനര്‍ജനിക്കുന്നു . ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം  തുറന്നു കൊടുക്കും. ഇരുനില കെട്ടിടത്തിന്റെ താഴെനിലയില്‍ ലൈബ്രറിയും റീഡിങ് റൂമും മുകള്‍നിലയില്‍ ഓഡിറ്റോറിയവും കലാവേദി ഓഫീസുമാണ് പ്രവര്‍ത്തിക്കുക.

2016 മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് തലൂക്കര ഗ്രാമത്തിന്റെ വിജ്ഞാന കേന്ദ്രത്തിന് ആര്‍എസ്എസ് സംഘം തീയിട്ടത്. കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയായതോടെ അപൂര്‍വ ഗ്രന്ഥങ്ങളടക്കം എണ്ണായിരത്തിനടുത്ത് പുസ്തകങ്ങള്‍  ചാമ്പലായി. വായനശാലയിലെ പുസ്തകങ്ങള്‍ക്കുപുറമേ കലാവേദിയുടെ തബല, വയലിന്‍ അടക്കമുള്ള സംഗീത ഉപകരണങ്ങളും ഫര്‍ണീച്ചറും കത്തിനശിച്ചു.

ഗ്രന്ഥാലയത്തിന് തീയിട്ട ആര്‍എസ്എസിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ശബാന അസ്മി, ടീറ്റ സെറ്റില്‍വാദ് എന്നിവരടക്കം പ്രമുഖര്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഗ്രന്ഥാലയത്തിന് പുനര്‍ജനിയേകാന്‍ നാടാകെ മുന്നിട്ടിറങ്ങിയത്.
പുസ്തകങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനുമായി നാട്ടുകാര്‍ മുന്നിട്ടിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഷബാന അസ്മി, തോമസ് ഐസക്ക്, എം എ ബേബി, ബിനോയ് വിശ്വം, ടി ഡി രാമകൃഷ്ണന്‍,  എന്‍ എസ് മാധവന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി സാഹിത്യ- രാഷ്ടീയ-സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാ സ്നേഹികളും പുസ്തകങ്ങളുമായി തലൂക്കരയിലേക്ക് ഒഴുകി.  ചാരമായി തീര്‍ന്ന പുസ്തകങ്ങള്‍ക്ക് പകരം പതിനയ്യായിരത്തില്‍പ്പരം ഗ്രന്ഥങ്ങളെത്തി. 15 ലക്ഷത്തില്‍പ്പരം രൂപയുടെ പുസ്തകങ്ങള്‍ നിലവില്‍ ഇവിടെയുണ്ട്. നവമാധ്യമ കൂട്ടായ്മയും ഗള്‍ഫ് വാട്ട്സ് ആപ്പ് കൂട്ടായ്മയും ശേഖരിച്ച രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന പുസ്തകങ്ങളും അടുത്തുതന്നെ ലൈബ്രറിയിലെത്തും. ഗ്രന്ഥശാലാ സംഘം പുസ്തകത്തിനും ഫര്‍ണീച്ചറിനുമായി രണ്ടുലക്ഷം രൂപയും നല്‍കി.

Advertisements

തകര്‍ന്ന കെട്ടിടത്തിന്റെ നിര്‍മാണവും ഇതിനകം ദ്രുതഗതിയില്‍ പൂര്‍ത്തിയായി. പ്രദേശത്തെ യുവാക്കളുടെ ശ്രമത്തിലൂടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. സിമന്റും മറ്റും സൌജന്യമായും ലഭിച്ചു. ലൈബ്രറി പരിധിയിലുള്ള വീട്ടുകാര്‍ സംഭാവനകള്‍ നല്‍കി. പ്രവാസികള്‍, സഹകരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവയും കൈയ്യയച്ച് സഹായിച്ചതോടെ ഈ വിജ്ഞാനകേന്ദ്രം ഫീനിക്സ്  പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. വി വി വിശ്വനാഥന്‍ പ്രസിഡന്റും കെ ടി മുസ്തഫ സെക്രട്ടറിയുമായാണ് വായനശാലയുടെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *