ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിന്റെ സുഹൃത്തിനെ കരാട്ടെ അഭ്യാസിയായ 15കാരി കീഴ്പ്പെടുത്തി
കുട്ടനാട്: ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന്റെ സുഹൃത്തിനെ കരാട്ടെ അഭ്യാസിയായ 15കാരി കീഴ്പ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിന്റെ സുഹൃത്തായ സനീഷ് കുമാറിനെ(35) രാമങ്കരി എസ്.ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ സുഹൃത്തായ സനീഷ് പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമായിരുന്നു. ഇതിനിടെ ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുങ്ഫു അഭ്യസിച്ചിരുന്ന പെണ്‍കുട്ടി പ്രതിയെ അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും വലയിലാക്കാന്‍ ശ്രമം നടക്കുന്നതിനിടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

