ആയോട് കണ്ടിവാതുക്കല്‍ മലയില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു

കോഴിക്കോട്: മലയോര മേഖലയായ വളയം പഞ്ചായത്തിലെ ആയോട് കണ്ടിവാതുക്കല്‍ മലയില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. കുന്നുമ്മല്‍ കുങ്കന്‍, കാട്ടിക്കുനി കേളപ്പന്‍ തുടങ്ങിയവരുടെ തെങ്ങുകളും, കവുങ്ങുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. ഇരുവരുടെയും പത്തോളം കായ്ഫലമുള്ള തെങ്ങുകളും, പതിനഞ്ചോളം കവുങ്ങുകളും പൂര്‍ണ്ണമായി നശിപ്പിച്ചു. മൂന്നാഴ്ച്ച മുമ്പും ഈ മേഖലയില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
മണിക്കൂറുകളോളം പറമ്പില്‍ ചെലവിട്ട ശേഷമാണ് ആനകള്‍ കാട് കയറിയത്. രണ്ട് ആഴ്ച്ച മുമ്ബ് കണ്ടിവാതുക്കലിലെ കടുവത്താഴെ വീട്ടില്‍ മേരിയുടെ വീട്ട് മുറ്റത്തെത്തിയ ആനക്കൂട്ടം നാട്ടുകരെ ഭീതിയിലാഴ്ത്തി. തലനാരിഴയ്ക്കാണ് മേരിയും കുടുംബവും അപകടമില്ലാതെ രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ബഹളം വെച്ചും, പടക്കം പൊട്ടിച്ചുമാണ് അഞ്ചോലം വരുന്ന ആനകളെ കാട്ടിലേക്ക് തുരത്തിയത്. ഉള്‍ വനത്തിലേക്ക് പോവാതെ ആയോട് മലയുടെ മുകള്‍ ഭാഗത്താണ് കാട്ടാനക്കൂട്ടം തമ്പടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

