ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിലെ അഭയാർത്ഥി ക്യാന്പിൽ ഭക്ഷ്യ വിഷബാധ

ബാഗ്‌ദാദ്: ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിലെ അഭയാർത്ഥി ക്യാന്പിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് എണ്ണൂറോളം പേർ ആശുപത്രിയിലായി. അതേസമയം രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. മൊസൂളിലെ ക്യാന്പിലാണ് സംഭവം. റംസാൻ നോന്പെടുക്കൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും നിർജലീകരണവും അസ്വസ്ഥതയും അനുഭവപ്പെട്ടവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഐസിസ് തീവ്രവാദികൾ പിടിച്ചെടുത്ത മൊസൂൾ തിരിച്ചു പിടിക്കാൻ ഇറാക്കി സേന ശക്തമായി ശ്രമിച്ചു വരുന്നതിനിടെയാണ് പുതിയ സംഭവം. മൊസൂളിനേയും ഇർബിലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന എൽ ഖസെർ റോഡിന് സമീപത്താണ് ക്യാന്പ് സ്ഥിതി ചെയ്യുന്നത്. ഇർബിലിലെ ഒരു റസ്‌റ്റോറന്റിൽ പാകം ചെയ്ത ഭക്ഷണമാണ് ക്യാന്പിലേക്ക് കൊണ്ടുവന്നത്.

