ആന്തട്ട യു.പി സ്കൂളിൻ്രെ നിർമ്മാണ പ്രവൃത്തി പാതിവഴിയിൽ
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ആന്തട്ട ഗവ. യു.പി. സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പാതി വഴിയിൽ. തീരദേശ മേഖലയിൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന സർക്കാർ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാൻ ഫിഷറീസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻ വഴി അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സംസ്ഥാനത്ത് ഇങ്ങനെ 36 സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ആന്തട്ട ജി.യു.പി. ഉൾപ്പെടെ എട്ട് സ്കൂളുകൾ പുനർ നിർമിക്കുന്നുണ്ട്. മിക്ക സ്കൂളുകളിലും കെട്ടിട നിർമാണം പൂർത്തിയായി ഉടൻ ഉദ്ഘാടനം ചെയ്യും.

എന്നാൽ ആന്തട്ട സ്കൂളിന് ദുർഗതിയാണുണ്ടായത്. ഈ സ്കൂളിന് പുതിയ കെട്ടിടം പണിയാൻ 92.8 ലക്ഷംരൂപയാണ് അനുവദിച്ചിരുന്നത്. കാസർകോട് സ്വദേശിയായിരുന്നു കെട്ടിടം പണി കരാർ എടുത്തത്. പുതിയത് പണിയാൻ പഴയ കെട്ടിടം പൊളിച്ചുമാറ്റിയിട്ട് രണ്ടുവർഷമായി. പുതിയ കെട്ടിടത്തിന് അടിത്തറ പണിയാൻ കുഴിയെടുത്തിരുന്നു. എന്നാൽ കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു കരാറുകാരൻ മുങ്ങിയതോടെ പ്രവൃത്തി താളംതെറ്റി. തുടർന്ന് ഒട്ടേറേ തവണ കരാറുകാരനെ ബന്ധപ്പെട്ടെങ്കിലും പണിതുടരാൻ അദ്ദേഹം തയ്യാറായില്ല. ഇതേത്തുടർന്ന് പ്രവൃത്തി റീടെൻഡർചെയ്തു പുതിയ കരാറുകാരനെ ഏൽപ്പിച്ചിരിക്കുകയാണിപ്പോൾ.


2022 ജൂണിനുമുമ്പ് കെട്ടിടം പണി പൂർത്തിയാക്കാനാണ് പുതിയ കരാറുകാരന് നിർദേശം നൽകിയിരിക്കുന്നതെന്ന് കാനത്തിൽ ജമീല എം.എൽ.എ.യുടെ ഓഫീസിൽ നിന്ന് അറിയിച്ചു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനാൽ ആന്തട്ട സ്കൂളിൽ ഇപ്പോൾ സ്ഥല സൗകര്യമില്ല. സ്കൂൾമുറ്റത്തിൻ്റെ കിഴക്കുവശം പുതിയ കെട്ടിടത്തിന് അടിത്തറയിടാൻ കുഴിയെടുത്തതിനാൽ വെള്ളം നിറഞ്ഞുകിടപ്പാണ്. മറ്റൊരിടത്ത് കുന്നുപോലെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് കോൺക്രീറ്റിനുള്ള സാധന സാമഗ്രികളും ഇറക്കിയിട്ടിരിക്കുകയാണ്. ഇതുകാരണം കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് നടക്കാൻപോലും കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളംനിറഞ്ഞ കുഴി മണ്ണിട്ട് നികത്താൻ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് കുട്ടികൾ കടക്കാതിരിക്കാൻ ഇരുമ്പ് ഷീറ്റുപയോഗിച്ച് മറകെട്ടാനും നിർദേശിച്ചിട്ടുണ്ട്.


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തീരദേശത്തെ വിദ്യാലയങ്ങൾക്ക് കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. പ്രീപ്രൈമറിമുതൽ ഏഴാംക്ലാസ് വരെ 418 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. 15 ഡിവിഷൻ ഉണ്ട്. നിലവിൽ 12 ക്ലാസ് കൈകാര്യംചെയ്യാനുള്ള സൗകര്യമേ ഇവിടെയിപ്പോൾ ഉള്ളു. തൊട്ടടുത്ത മദ്രസയിലേക്ക് നാല് ക്ലാസുകൾ താത്കാലികാടിസ്ഥാനത്തിൽ മാറ്റുമെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു.1954-ൽ സ്ഥാപിതമായ ഈ സ്കൂൾ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ഏക സർക്കാർ യു.പി. സ്കൂൾ ആണ്. സംസ്ഥാനത്ത് മൊത്തത്തിൽ 36 സ്കൂളുകൾ പുതുക്കിപ്പണിയാൻ 627.76 ലക്ഷംരൂപയാണ് അനുവദിച്ചത്.


