KOYILANDY DIARY

The Perfect News Portal

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമ പ്രവര്‍ത്തക രചന ഖൈര. 500 രൂപയ്ക്ക് ആധാര്‍ വില്‍പനയ്ക്ക് എന്ന വാര്‍ത്ത മഞ്ഞുമലയുടെ അറ്റംമാത്രമാണ്. പുറത്തുവിട്ടതിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അത് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. അതിനിടെ ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച്‌ ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തുവന്നു.

ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാണെന്ന വിവരത്തെതുടര്‍ന്ന് തങ്ങള്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്ന് രചന ഖൈര പറഞ്ഞു. ഇത്തരം അന്വേഷണത്തിന്റെ നിയമസാധുതയും വൈകാരികതയും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മനസ്സിലാക്കേണ്ടതുണ്ട്. തനിക്കെതിരെ കേസെടുത്തതിനൊപ്പം ആധാറില്‍ ഉണ്ടായ സുരക്ഷാ പാളിച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ അനിവാര്യ നടപടി എടുക്കണമെന്നും രചന ആവശ്യപ്പെട്ടു.

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം പുറത്തുവിട്ടതിന് മാധ്യമ പ്രവര്‍ത്തകയെ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. അരാജകത്വം നിറഞ്ഞ നാട്ടിലാണോ (ബനാന റിപ്പബ്ളിക്) നാം ജീവിക്കുന്നത്. ഇത് എന്തുതരം നീതിയാണ്. രാഷ്ട്രീയ വൈരംമാത്രമാണ് ഇതിലുള്ളത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ആത്മാര്‍ഥമായി രംഗത്തുവരുന്നവരെ കുറ്റവാളികളാക്കുകയാണെന്ന് സിന്‍ഹ പറഞ്ഞു.
ആധാറിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *