ആദ്യകാല നടി കുശലകുമാരി അന്തരിച്ചു

ചെന്നൈ: പ്രേംനസീറിന്റെ നായികയായി “സീത’യില്‍ അഭിനയിച്ച പ്രശസ്ത നടി കുശലകുമാരി ചെന്നൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തമിഴില്‍ എംജിആറും ശിവാജി ഗണേശനും ഒന്നിച്ച് അഭിനയിച്ച ഏക ചിത്രമായ “കൂണ്ടുകിളി’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തമിഴില്‍ ശ്രദ്ധേയയായത്. തെലുങ്കില്‍ നാഗേശ്വര റാവുവിന്റെയും മലയാളത്തില്‍ പ്രേംനസീറിന്റെയും നായികയായും അഭിനയിച്ചു.
“പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്ബൈതലേ കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ’ എന്നുതുടങ്ങുന്ന പ്രശസ്ത ഗാനരംഗത്ത് സീതയില്‍ അഭിനയിക്കുന്നത് കുശലകുമാരിയാണ്. “സീത’യ്ക്കു പുറമേ ഭക്ത കുചേല,ശ്രീ ഗുരുവായൂരപ്പന്‍,മറിയക്കുട്ടി,മാണിക്യ കൊട്ടാരം,ഒരാള്‍ കൂടി കള്ളനായി എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.

അവിവാഹിതയായ കുശലകുമാരി സഹോദരനൊപ്പമാണ് താമസിച്ചത്. അവസാന കാലത്ത് അവരുടെ അവശതയറിഞ്ഞ ജയലളിത അയ്യായിരം രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചിരുന്നു.

സീതയിലെ ഗാനരംഗത്ത് കുശലകുമാരി

