ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശകളും സാക്ഷരതാമിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

വയനാട്: സാക്ഷരതാമിഷന്റെ വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശകളും സാക്ഷരതാമിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടാംഘട്ട സര്‍വേ ജില്ലയില്‍ പൂര്‍ത്തിയായപ്പോള്‍ നിരക്ഷരരുടെ എണ്ണം 5342. ഇതില്‍ 3133 പേര്‍ സ്ത്രീകളും 2209 പേര്‍ പുരുഷന്‍മാരുമാണ്. നിരക്ഷരരില്‍ 2993 പേര്‍ 15 നും 50 നും ഇടയില്‍ പ്രായമുള്ളവരും 2349 പേര്‍ 50 വയസിനുമേല്‍ പ്രായമുള്ളവരുമാണ്. രണ്ടാംഘട്ട പ്രവര്‍ത്തനം നടത്തുന്ന 200 ഊരുകളിലെ 4371 വീടുകളിലാണ് സര്‍വേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,കല്‍പറ്റ നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമാണ് സര്‍വേ നടത്തിയത്.
സര്‍വേയിലെ കണ്ടെത്തലുകളും ആദിവാസികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകളുമടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനു കൈമാറി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.നിരക്ഷരര്‍, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ.

നാലാംതരം വിജയിക്കാത്തവര്‍- 1642, നാലാംതരം വിജയിക്കുകയും എന്നാല്‍ ഏഴാംതരം വിജയിക്കാന്‍ കഴിയാതെപോയവരുമായ 2402 പേരെ കണ്ടെത്തി. ഏഴാംതരം വിജയിച്ചെങ്കിലും പത്താംതരം കടക്കാത്തവരുടെ എണ്ണം- 2285. പത്താംതരം വിജയിച്ചിട്ടും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയത് 1208 പേരാണ്. സര്‍വേയിലൂടെ കണ്ടെത്തിയ നിരക്ഷരര്‍ക്കുള്ള ക്ലാസുകള്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. ആദിവാസികള്‍ക്ക് സാക്ഷരത മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതാണ് പദ്ധതി.

