ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

മാനന്തവാടി: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കോല അണ്ണന്റെ മകന്‍ സുമേഷ് (32) ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഞായറാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കാപ്പാട്ടുമല തലക്കാംകുനി അച്ചപ്പന്റെ മകന്‍ കേളു (38) വിനെയാണ് വെളളിയാഴ്ച രാവിലെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതായാണ് സൂചന. കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം,തലപ്പുഴ എസ്.ഐ സി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അതേസമയം വ്യാഴാഴ്ച രാത്രിയില്‍ വെടിയേറ്റ നിമിഷം യുവാവ് പ്രദേശത്തെ ചിലരെ ഫോണില്‍ വിളിച്ചതായും സൂചനയുണ്ട്. വെടിയേറ്റ വിവരം പ്രതി നാട്ടുകാരില്‍ പലരേയും അറിയിച്ചിരുന്നതായും എന്നാല്‍ ആരും രക്ഷിക്കാനെത്തിയില്ലെന്നും പറയുന്നു.

സംഭവം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാത്രം ദൂരെയുള്ള വള്ളിത്തോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചാലും ജീവന്‍ രക്ഷിക്കാമായിരുന്നു.അടിവയറിനും കാലിനുമായി വെടിയേറ്റ യുവാവ് മണിക്കൂറുകളോളം രക്തം വാര്‍ന്നാണ് മരിച്ചതെന്ന് കരുതുന്നു. മൃഗവേട്ട പതിവാക്കിയ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും സൂചനയുണ്ട്.

