ആദിവാസികള്‍ക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു

പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസികള്‍ക്ക് നല്കുന്ന ഓണക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അട്ടത്തോട് കിഴക്ക് കമ്യൂണിറ്റി ഹാളില്‍ ആദിവാസി ഊര് മൂപ്പന് നാരായണന് ആദ്യ കിറ്റ് നല്കി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചു.
ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തുന്നതിലൂടെ ഇവരുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ആദിവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഓണപ്പുടവ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓണക്കിറ്റ് എന്നിവയും ഓണത്തിനു മുന്‍പായി ആദിവാസി ഊരുകളില്‍ എത്തിക്കും.

സംസ്ഥാനം വലിയ പ്രളയ ദുരന്തത്തെ നേരിടുന്ന സാഹചര്യമാണെങ്കിലും ആദിവാസികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

