KOYILANDY DIARY.COM

The Perfect News Portal

ആത്മവിശ്വാസത്തിന്റെ ക്യാന്‍വാസില്‍ ശിഹാബ് ലോകത്തെ വിസമയിപ്പിക്കുന്നു

പൊന്നാനി: ഇത് സിപി ശിഹാബ്. ആത്മവിശ്വാസത്തിന്റെ ക്യാന്‍വാസില്‍ പുതിയ ജീവിതം വരച്ചുചേര്‍ത്ത മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ സിപി ശിഹാബ്. കൈകളില്ല, കാലുകളില്ല പക്ഷെ ജീവിതം കൊണ്ട് വിജയകഥ വരച്ചുചേര്‍ത്ത ശിഹാബ് ഇന്ന് സാധാരണ ആളുകള്‍ പോലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഈ ലോകത്ത് അവര്‍ പോലും പരാതിപറയുന്ന ഈ ലോകത്ത് ഒരു വിസ്മയമാണ്.

പ്രകൃതി ഓരോ മനുഷ്യനിലും വലിയ കഴിവുകളാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് ശിഹാബിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു.25 ശതമാനം മാത്രം ശേഷിയുള്ള കൈകളോ കാലോ ഇല്ലാത്ത ഈ വ്യക്തി അത്ഭുതകരമായി ക്രിക്കറ്റ് കളിക്കും. മനോഹരമായി ചിത്രങ്ങള്‍ വരക്കും. വയലിന്‍ വായിക്കും. പിയാനോ വായിക്കും. ത്രസിപ്പിക്കുന്ന നൃത്തം ചെയ്യും .നിരവധി ചാനല്‍ ഷോകളില്‍ ശിഹാബ് ഇതിനകം മികച്ച ഡാന്‍സറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്ന് നേരില്‍ കാണാന്‍ പോലും കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന സാക്ഷാല്‍ മമ്മൂട്ടി ഒരിക്കല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച്‌ കാതിലോതിയത് ശിഹാബ് ഇന്നും ഓര്‍ക്കുന്നു ‘ഈ ജീവിതം വിജയിക്കാന്‍ മാത്രമുള്ളതാണ്’.

ഒരിക്കലും നിരാശയില്ലാതെ ശുഭകരമായ ചിന്തകള്‍ മാത്രം ചേര്‍ത്തുവെച്ച്‌ അത് സ്വന്തം ജീവിതത്തിന്റെ അനുഭവമാക്കിയത് ലോകത്തിന് സമര്‍പ്പിക്കുകയാണ് ശിഹാബ്.പ്രചോദനാത്മകമായ നിരവധി ക്ലാസുകളാണ് ശിഹാബ് നല്‍കുന്നത്.

Advertisements

 

നിക്കിനെപോലെ.

ഒരു പക്ഷെ ഇന്ത്യയില്‍ അല്ലായിരുന്നുവെങ്കില്‍ ശിഹാബ് ഓസ്ടേലിയക്കാരനായ നിക്കിനെപോലെ ലോകം മുഴുക്കെ അറിയുന്നൊരു മോട്ടിവേഷന്‍ സ്പീക്കറായാനേ..

ശിഹാബിന്റെ ജനനത്തോടെ ആ കുഞ്ഞു കരച്ചലിനേക്കാള്‍ ഉച്ചത്തില്‍ നിലവിളിച്ചത് അവന്റെ മാതാപിതാക്കളായിരുന്നു. കൈകളില്ലാത്ത കാലില്ലാത്ത ഒരു പൊട്ട് കുഞ്ഞ്. ആറാം വയസ്സില്‍ പതിയെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു ‘മോനേ കാലുകളില്ലാത്ത നീ ഈ ലോകത്തിന് മുന്നില്‍ നടന്നു കാണിക്കുന്നതാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുക ‘ ഉമ്മയുടെ ഈ വാക്കുകള്‍ ആ കുഞ്ഞുമനസ്സില്‍ സ്വപനങ്ങളുടെ കൊട്ടാരങ്ങള്‍ പണിതു .ആത്മവിശ്വാസം കൊണ്ട് ജീവിതത്തെ മാറ്റിമറിച്ചു .എട്ടാം ക്ലാസ് മുതലാണ് പഠിച്ചുതുടങ്ങിയത്. പത്താം ക്ലാസില്‍ 96 ശതമാനം മാര്‍ക്ക് നേടി വിജയകഥ രചിക്കാന്‍ തുടങ്ങി. രണ്ടുമാസത്തിനപ്പുറത്തേക്ക് ആയുസ്സില്ലെന്ന് ജനിച്ചപ്പോള്‍ വിധിയെഴുതിയ ഡോക്ടര്‍മാരെ മന:ശ്ശക്തിക്കൊണ്ട് ജീവിച്ച്‌ തോല്‍പ്പിച്ച്‌ വിസ്മയമാവുകയാണ് ശിഹാബ് ഇന്ന്.

ഒരാളുടെ ഭാവി നിശ്ചയിക്കുന്നത് അയാളുടെ മനോഭാവവും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഇച്ചാശക്തിയുമാണ് .അതാണ് ശിഹാബിന്റെ വിജയം .നമുക്ക് കൈകളുണ്ട് ,കാലുകളുണ്ട് .എന്നിട്ടും നമുക്കുള്ളത് പരാതികളും പരിഭവങ്ങളും മാത്രം .സ്വന്തം പശ്ചാത്തലത്തിനുമപ്പുറം, ഇല്ലായ്മകള്‍ക്കുമപ്പുറം സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് സുഗന്ധം പരത്താന്‍ ശിഹാബിന് കഴിയുന്നു .മന:ശക്തികൊണ്ട് എന്തും നേടാം എന്ന വിജയമന്ത്രമാണ് ശിഹാബിന്റെ ജിവിതം.

നടക്കാന്‍ പ്രയാസമുണ്ടായിരുന്ന വ്യക്തിയാണ് പിന്നീട് പ്രശസ്ത എഴുത്തുകാരനായി മാറിയ ചാള്‍സ് ഡിക്കന്‍സ് , അന്ധയും മൂകയും ബധിരയുമായിരുന്നു പിന്നീട് ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായി തീര്‍ന്ന ഹെലന്‍ കെല്ലര്‍, കൂനുമായി ജീവിച്ചയാളാണ് ചിത്തനായ പ്ലേറ്റോ, ബാല്യത്തില്‍ പോളിയോ ബാധിച്ച്‌ കാലുകള്‍ തളര്‍ന്ന വ്യക്തിയായിരുന്നു പിന്നീട് അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഫ്രാങ്ക്ലിന്‍ റൂസ് വെല്‍റ്റ്,പോളിയോ ബാധിച്ച്‌ നടക്കാന്‍ പോലും കഴിയാത്ത പെണ്‍കുട്ടിയാണ് പിന്നിട് ലോകത്തെ മികച്ച ഓട്ടക്കാരിയായി മാറിയ വില്‍മ റുഡോള്‍ഫ്. അക്കൂട്ടത്തിലിതാ കൈകളോ കാലുകളോ ഇല്ലാത്ത ഇപ്പോള്‍ ജീവിതം കൊണ്ട് വിജയകഥകള്‍ രചിക്കുന്ന മലപ്പുറത്തുകാരന്‍ സിപി ശിഹാബ്. ഈ പുതുവത്സരത്തിന് പരിചയപ്പെടാന്‍ ഈ മിടുക്കനേക്കാള്‍ വലിയ ഏതു വ്യക്തിയാണുള്ളത് ?

ജീവിതത്തിലെ ഇല്ലായ്മകളില്‍ പരിഭവിക്കാതെ അതിനെതിരെ പോരാടാന്‍ കഴിയണം. ശിഹാബിന്റെ ജിവിതം നമുക്കതാണ് പഠിപ്പിച്ച്‌ തരുന്നത്. എല്ലാം ലഭിച്ചിട്ടും ചെറിയ പരാജയങ്ങളില്‍ പരിഭവിക്കുന്നവര്‍ ഒരു നിമിഷം ശിഹാബിന്റെ ജീവിതത്തിലേക്ക് നോക്കുക. ഏതുസാഹചര്യത്തിലാണെങ്കിലും ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *