KOYILANDY DIARY.COM

The Perfect News Portal

ആംബുലന്‍സ് ദൗത്യം: ഹസ്സന്‍ ദേളിക്കിത് സാഹസികതയുടെ രണ്ടാം വരവ്

തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോവുകയാണ് ഒരു ആംബുലന്‍സ്. KL-60 – J 7739 എന്ന ആ ആംബുലന്‍സിന്റെ വളയം ആരുടെ കൈയ്യിലാണ്? ആ ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34 കാരനാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്ബതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ആംബുലന്‍സില്‍ ഉള്ളത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്രയും വേഗത്തില്‍ കുഞ്ഞിനെ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഹസ്സന്‍ ഏറ്റെടുത്തിരിക്കുന്നത്.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗ്ഗം 15 മണിക്കൂര്‍ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ദൂരം പത്ത് മണിക്കൂറിനുള്ളില്‍ താണ്ടുകയാണ് ഹസ്സന് മുന്നിലുള്ള ലക്ഷ്യം. ആംബുലന്‍സിന് വഴിയൊരുക്കുന്നത് ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകരാണ്. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

സിഎച്ച്‌ മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.

Advertisements

ഇത് ഹസ്സന്റെ രണ്ടാം ദൗത്യം

ഇതാദ്യമായല്ല ഹസ്സന്‍ ദേളി ദീര്‍ഘദൂര യാത്രകള്‍ ഏറ്റെടുക്കുന്നത്. 2017 ഡിസംബര്‍ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സന്‍ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സന്‍ മാറിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *