KOYILANDY DIARY

The Perfect News Portal

അവകാശ സ്‌മരണപുതുക്കി നാടെങ്ങും മെയ്ദിനാഘോഷം

കൊച്ചി > മെയ് ദിനം. ലോകത്തെമ്ബാടും അധ്വാനിക്കുന്നവര്‍ക്ക് അവിസ്മരണീയ ദിനം. ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയ്ക്കാണ് മെയ്ദിനം ആചരിക്കുന്നത്. മനുഷ്യാധ്വാനം അജയ്യമാണെന്നും ഈ ലോകം അതിന്റേതാണെന്നും മെയ്ദിനം ലോകത്തെ ഓര്‍മിപ്പിക്കുന്നു.

മെയ്ദിനത്തോടനുബന്ധിച്ച്‌ നാടെങ്ങും ആഘോഷപരിപാടികള്‍ നടക്കുകയാണ്. എകെജി ഭവനില്‍ പ്രകാശ് കാരാട്ടും എകെജി സെന്ററില്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പതാക ഉയര്‍ത്തി. ഏരിയാ കേന്ദ്രങ്ങളില്‍ സിഐടിയു നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു.

1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചുതുടങ്ങിയത്. 1889ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിവേളയില്‍ പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള തീരുമാനമെടുത്തത്.1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ തൊഴിലാളിപ്രക്ഷോഭങ്ങളും മെയ് നാലിന് ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളുമാണ് മെയ് ദിനാചരണത്തിന് കാരണം.1866 ആഗസ്തില്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ സമ്മേളനത്തില്‍ എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. ന്യൂസിലന്‍ഡിലും തുടര്‍ന്ന് ഓസ്‌ട്രേലിയയിലും നടന്ന തൊഴിലാളിസമരത്തില്‍ ആവശ്യം നേടാനായെങ്കിലും ലോകത്തെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഇതിന്റെ നേട്ടം ലഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്.

Advertisements

ഏഴ് നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് ഒന്നിന് ചിക്കാഗോയില്‍ ദേശീയസമരം നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 25നും മെയ് നാലിനും ഇടയ്ക്ക് സമ്മേളനങ്ങളും റാലികളും നടത്തി.

മെയ് ഒന്നിന് ശനിയാഴ്ച 35,000 തൊഴിലാളികള്‍ ജോലി നിര്‍ത്തി. മെയ് മൂന്നിനും നാലിനും ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവരെ അനുഗമിച്ചു. മെയ് മൂന്നിന് നടന്ന സമരത്തില്‍ പൊലീസ് വെടിവച്ചതിനെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. സമരക്കാര്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കി. മെയ് നാലിന് ദെസ് പ്ലെയിന്‍സ് സ്ട്രീറ്റില്‍ നടന്ന സമ്മേളനം സമാധാനപരമായിരുന്നു.

സമരക്കാരെ നേരിടാന്‍ പൊലീസ് നിരത്തിലിറങ്ങി. ആരോ പൊലീസിനെതിരെ ബോംബെറിഞ്ഞു. ഒരു ഓഫീസര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പൊലീസ് വെടിവയ്പ് തുടങ്ങി. 60 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും എട്ടുപേര്‍ കൊല്ലപ്പെടുകയുംചെയ്തു. നിരവധി തൊഴിലാളികളും കൊല്ലപ്പെട്ടു.
പലര്‍ക്കും പരിക്കേറ്റു. ഹേ മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പിനെത്തുടര്‍ന്ന് സമ്മേളനങ്ങളും റാലികളും നടത്താന്‍ പാടില്ലെന്ന് മേയര്‍ ഉത്തരവിട്ടു. പൊലീസ് നൂറോളം പേരെ അറസ്റ്റുചെയ്തു. ബോംബെറിഞ്ഞയാള്‍ ആരാണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കാത്തതുകൊണ്ട് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എട്ടുപേരെ അറസ്റ്റുചെയ്തു. ചിക്കാഗോയിലെങ്ങും വാറന്റില്ലാതെ റെയ്ഡ് നടത്തി.

പൊലീസുകാര്‍ എട്ടുപേരെ പിടികൂടി വിചാരണയ്ക്കായി കൊണ്ടുവന്നു. ഇതില്‍ മൂന്നുപേര്‍ സംഭവസ്ഥലത്ത് ഇല്ലാത്തവരായിരുന്നു. പക്ഷെ, ജഡ്ജി എട്ടുപേരെയും കുറ്റക്കാരായി വിധിച്ചു. തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും ചുമത്തി. ലോകജനതയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ നാലുപേരെ തൂക്കിലേറ്റി. ഒരാള്‍ ആത്മഹത്യചെയ്തു. രക്തസാക്ഷികളുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. ബാക്കിയുള്ള കുറ്റവാളികളെ 1893-ല്‍ ഗവര്‍ണര്‍ മാപ്പുനല്‍കി വിട്ടയച്ചു.

തൂക്കിലേറ്റപ്പെട്ടവര്‍ക്കും മാപ്പു നല്‍കുന്നുവെന്ന് പിന്നീട് പ്രഖ്യാപിക്കപ്പെട്ടു. വിചാരണ കുറ്റമറ്റതായിരുന്നില്ല എന്നതായിരുന്നു കാരണം. ഇത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായി കണക്കാക്കപ്പെടുന്നു. സമരത്തിന്റെ ഓര്‍മയ്ക്കായി മെയ് ഒന്ന് മെയ്ദിനമായി ആചരിക്കുന്നു. ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ ലോകം അപലപിച്ചു. 1893ല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി സ്മാരകം നിര്‍മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *