അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതി: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

വടകര: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി മണ്ണിട്ടതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് സംഭവങ്ങളുടെ തുടക്കം.
അയല്‍വാസി നല്‍കിയ മൊഴിയെടുക്കാനുണ്ടെന്നു പറഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുരളിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്തതായി അറിയിക്കുകയുമായിരുന്നു.

മുരളി ആക്രമിച്ചെന്ന് പറഞ്ഞ് അയല്‍വാസിയായ വീട്ടമ്മ ഒരാഴ്ച മുമ്പ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവരുടെ പരാതിപ്രകാരം മുരളിക്കെതിരെ കേസെടുക്കുകയുണ്ടായി.

സ്ത്രീയുടെ ആരോപണത്തിനെതിരെ മുരളി രംഗത്ത് വന്നിരുന്നു. പരാതി വ്യാജമാണെന്നും, രാത്രി വരുമ്പോള്‍ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് കണ്ട് മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന് അയല്‍വാസിയുടെ വീട്ടില്‍ ആവശ്യപ്പെട്ടപ്പോള്‍ അവരാണ് തന്നെ തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്തതെന്നാണ് മുരളി പറയുന്നത്.

