KOYILANDY DIARY.COM

The Perfect News Portal

അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ലേഖയുടെ കുറിപ്പ് തള്ളാതെ ഭര്‍ത്താവ് ചന്ദ്രന്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ ലേഖയുടെ കുറിപ്പ് തള്ളാതെ ഭര്‍ത്താവ് ചന്ദ്രന്‍. അമ്മയും ലേഖയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. താന്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രന്‍ മൊഴി നല്‍കി.

നേരത്തെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. വായ്പ തിരിച്ചടക്കാന്‍ ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, അവരുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ആത്മഹത്യ നടന്ന വീട് ഇന്നലെ തന്നെ പൊലീസ് സീല്‍ ചെയ്തിരുന്നു. ഇന്ന് പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തിയ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പേജുള്ള കത്ത് ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. കൂടാതെ ചുവരിലും എഴുതിയിരുന്നു.

Advertisements

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നെന്ന് കത്തില്‍ പറയുന്നു. സ്ഥലത്ത് ആല്‍ത്തറ ഉള്ളതിനാല്‍ അവര്‍ നേക്കിക്കോളും എന്നായിരുന്നു നിലപാട്. ബാങ്കില്‍ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ അനങ്ങിയില്ല. പകരം കത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിച്ചു. കല്യാണം കഴിച്ച്‌ വന്നതുമുതല്‍ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തില്‍ ലേഖ ആരോപിക്കുന്നു.

മന്ത്രവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. വീട്ടില്‍ എപ്പോഴും വഴക്കാണ്. നിന്നെയും നിന്‍റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അതേസമയം കത്തില്‍ ബാങ്കിനേയോ, ജപ്തിക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനേക്കുറിച്ചോ ഒന്നും പറയുന്നില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *