അമ്പ്രമോളി കനാലിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: മണമൽ അമ്പ്രമോളി കനാലിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പന്തലായനി കുറ്റാണി പൊയിൽ രതീഷും പന്തലായനി സ്വദേശിയുമായ മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. പേരാമ്പ്രയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന KL-77 A 5845 നമ്പർ കാറും പെരുവട്ടൂരിലേക്ക് പേകുകയായിരുന്ന KL-56 K 5742 ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണ്ണമായും തകരുകയും ഡ്രൈവർ കുടുങ്ങിപ്പോകുകയും ചെയ്തു.


ഓടിക്കൂടിയ നാട്ടുകാർ ഏറെ നേരം പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്സ് കുതിച്ചെത്തിയിരുന്നു. പിറകെ പോലീസും സ്ഥലത്തെത്തി. ഏറെനേരം ഗതാഗതം തകരാറിലായെങ്കിലും പോലീസെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം സുഗമമാക്കി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കും പിന്നീട് കോഴിക്കോഡ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവിടെ സ്ഥിരമായി വാഹനാപകടം ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. വളവിലായത്കൊണ്ട് ദൂരെ നിന്ന് വരുന്ന വാഹനങ്ങൾ മറ്റുവാഹനങ്ങളെ കാണാൻ സാധിക്കാത്തതും പഴയ കെ.എസ്.ഇ.ബി. റോഡിൽ നിന്ന് വാഹനം മുത്താമ്പി റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധിക്കപ്പെടാത്തതും അപകടത്തിന് കാരണമാകുന്നതായും പറയുന്നു. ഒരാഴ്ചക്കുള്ളിൽ മറ്റ് രണ്ട് വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.


