KOYILANDY DIARY

The Perfect News Portal

അമിത അളവില്‍ മരുന്ന്‌ ഉള്ളില്‍ ചെന്ന് ഒന്‍പതു വയസ്സുകാരി മരിച്ചു

കോട്ടയം: അമിത അളവില്‍ മരുന്ന്‌ ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനുവരി 11 മുതല്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പാറത്തോട് ഊരയ്ക്കനാട് ചാമക്കാലയില്‍ മാനുവല്‍- ടിയ ദന്പതികളുടെ മകള്‍ റോസ് മേരിയെയാണ് വിധി കവര്‍ന്നത്. തോട്ടയ്ക്കാട് ഗവ.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സംസ്കാരം ഇന്ന് 10 ന് മുണ്ടക്കയം പറത്താനം വ്യാകുലമാതാ പള്ളിയില്‍ നടക്കും.

അപസ്മാരത്തിനും, മനോദൗര്‍ബല്യത്തിനും കഴിക്കുന്ന വീര്യമേറിയ മരുന്നുകളുടെ സാന്നിധ്യമാണ് കുട്ടിയില്‍ നിന്ന് കണ്ടെത്തിയത്. അമൃത ആശുപത്രിയിലെ പരിശോധനയ്ക്കിടെയാണ് ഇത്തരം ഗുളികകളാണെന്ന് വ്യക്തമായത്. അസ്വാഭാവിക നിലയില്‍ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ രക്ത-മൂത്ര സാന്പിളുകളും, ആന്തരിക അവയവങ്ങളും വിശദ പരിശോധനയ്ക്കായി തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് അയച്ചു.

ആശുപത്രിയില്‍ പ്രവേശിച്ച അന്നുമുതല്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ ഹൃദയം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ചികിത്സയ്ക്കിടെ രോഗകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇത്തരം മരുന്നുകള്‍ വീട്ടില്‍ ഇല്ലെന്നും കുട്ടയുടെ ഉള്ളിലെത്താന്‍ സാധ്യത ഇല്ലെന്നും മാതാപിതാക്കള്‍ ഉറപ്പിച്ച്‌ പറയുന്നതും ദുരൂഹത ഉയര്‍ത്തുന്നു.

Advertisements

മരണത്തെ തുടര്‍ന്ന് മരുന്ന് എങ്ങനെ ഉള്ളിലെത്തിയെന്ന് കണ്ടെത്താനായി ഡോക്ടര്‍മാരുടെ നിര്‍ദേശ്ശത്തെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് ഒരിക്കല്‍ മാത്രമാണ് ബോധം തെളിഞ്ഞത്. ആ സമയം തൊണ്ട വേദനിക്കുന്നതായി പറഞ്ഞുവെന്നും ഉടന്‍ തന്നെ തളര്‍ന്ന് വീണ് പിച്ചും പേയും പറയാന്‍ തുടങ്ങിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.ടാപ്പിങ് തൊഴിലാളിയാണ് മാനുവല്‍. ഇവര്‍ക്ക് നാലര വയസ്സുള്ള മകനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *