KOYILANDY DIARY

The Perfect News Portal

അഭിഭാഷകനെ പട്ടാപ്പകല്‍ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

പറവൂര്‍: അഭിഭാഷകനെ പട്ടാപ്പകല്‍ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പറവൂര്‍ ബാറിലെ അഭിഭാഷകനായ വി എ പ്രദീപ്കുമാറിനെ ചൊവ്വാഴ്ച രാവിലെ എട്ടോടെ പറവൂര്‍ കനാല്‍ റോഡിന് സമീപത്തുനിന്നാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.

അഭിഭാഷകന് വക്കാലത്തുള്ള കേസിലെ എതിര്‍കക്ഷിയുടെപേരില്‍ ബലപ്രയോഗത്തിലൂടെ ദാനാധാരം ചെയ്യിപ്പിക്കാനാണ് എതിര്‍കക്ഷിയുടെ നിര്‍ദേശപ്രകാരം നാലംഗസംഘം  അഭിഭാഷകനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. മര്‍ദിച്ചും മാരകായുധങ്ങള്‍ കഴുത്തില്‍വച്ച്‌ ഭീഷണിപ്പെടുത്തിയും എതിര്‍കക്ഷിയുടെപേര്‍ക്ക് പ്രദീപ്കുമാറിന്റെ കക്ഷിയായ കുറ്റിക്കാട്ട് വീട്ടില്‍ സരസ്വതിയുടെ ഭൂമി സഹോദരിയായ രത്നമ്മയുടെപേര്‍ക്ക് ദാനാധാരം ചെയ്യിച്ചതായി അഭിഭാഷകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. രത്നമ്മയുടെ മകള്‍ ജൂബിലിയെയും ഭര്‍ത്താവ് മോഹനനേയും പൊലീസ് രാത്രി അറസ്റ്റ്ചെയ്തു.

അണ്ടിപ്പിള്ളിക്കാവ് പഴയ പൊലിസ് സ്റ്റേഷന് അടുത്തുള്ള വീട്ടില്‍ രത്നമ്മയും മകള്‍ ജൂബിലിയും കണ്ടാലറിയുന്ന നാല് ഗുണ്ടകളുംചേര്‍ന്ന് പൂട്ടിയിട്ടാണ് തന്നെ മര്‍ദിച്ചതെന്ന് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മൂന്ന് മണിയോടെ സരസ്വതി ദാനാധാരം രത്നമ്മയുടെപേരില്‍ ചെയ്തുകൊടുത്തുവെന്ന് അഭിഭാഷകനെക്കൊണ്ട് രേഖയുണ്ടാക്കിയ സംഘം അദ്ദേഹത്തെ ബൈക്കില്‍ തിരിച്ചുകൊണ്ടുപോയിവിട്ടു. അവശനിലയില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിഭാഷകനില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.

Advertisements

അഭിഭാഷകനെ തട്ടിക്കൊണ്ടുപോയതിലും മര്‍ദിച്ചതിലും പ്രതിഷേധിച്ച്‌ പറവൂരുള്‍പ്പെടെ ജില്ലയിലെ വിവിധ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ ബുധനാഴ്ച കോടതി നടപടികള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും എത്രയുംവേഗം നിയമത്തിന് മുമ്ബില്‍ കൊണ്ടുവരണമെന്ന് പറവൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റാഫേല്‍ ആന്റണിയും സെക്രട്ടറി അഡ്വ. ജി മഹേഷ്കുമാറും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *