അഭയ കേസ്: മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതിയാക്കിയത്.
സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെടി മൈക്കിള്‍ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോട്ടയം ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ അഭയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ നശിപ്പിക്കപ്പെട്ടു. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും അതിനാല്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ജോമോന് പുത്തന്‍ പുരയ്ക്കല്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് മുന്‍ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ പ്രതിയായി ചേര്‍ത്തത്.

അതേസമയം കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെടി മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഫെബ്രുവരി ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കോടതി കെടി മൈക്കിളിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസിലെ ആദ്യ മൂന്നു പ്രതികള്‍.
