അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് :കുമ്പളയില്‍ അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികള്‍ അറസ്റ്റില്‍. പിടിയിലായത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികള്‍. കേസില്‍ രണ്ട് പ്രതികളെ കൂടെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊലക്കേസ് പ്രതിയായിരുന്ന അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിദ്ദിഖ് ഉള്‍പെടെ 6 പേരാണ് അറസ്റ്റിലായത്. പെര്‍വാഡിലെ ഉമര്‍ ഫാറൂഖ്, സഹീര്‍, ബംബ്രാണയിലെ നിയാസ്, ലത്തീഫ്, ഹരീഷ് എന്നിവരെയാണ് കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അബ്ദുല്‍സലാം വധക്കേസ് അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് മുമ്പാകെ പ്രതികള്‍ ഹാജരാവുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ സിദ്ദിഖ് ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്.

സിദ്ദീഖിനൊപ്പം അറസ്റ്റിലായവരില്‍ ചിലരും മുമ്പ് കൊലക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ദിഖിന്റെ മണല്‍ ലോറി പോലീസിന് വിവരം നല്‍കി പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് സിദ്ദിഖിനെയും കൂട്ടാളികളെയും ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.അബ്ദുല്‍ സലാമിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ പോലീസ് വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
