സിപിഎം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരത്ത് നിന്നു പുറപ്പെട്ടു

പരിയാരം: ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഉപ്പളയിലേക്ക് പുറപ്പെട്ടു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, മുന്‍ മന്ത്രി ഇ പി ജയരാജന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റവാങ്ങിയ ശേഷമാണ് ഉപ്പളയിലേക്ക് വിലാപയാത്രയായി കൊണ്ടുവരുന്നത്.

വന്‍ പോലീസ് സുരക്ഷയാണ് വിലാപയാത്രക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ സിപിഎം പ്രവര്‍ത്തകര്‍ സിദ്ദീഖിന് ആദരാഞ്ജലിയര്‍പ്പിച്ചു. കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്, കുമ്ബള, ഉപ്പള എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സോങ്കാലിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം സോങ്കാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ടോടെ ഖബറടക്കും.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരില്‍ ബൈക്കിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ബിജെപി പ്രവര്‍ത്തകരായ അശ്വത്, കാര്‍ത്തിക് എന്നിവര്‍ കുമ്ബള പോലീസിന് മുന്നില്‍ കീഴടങ്ങി.

