അപകട ഭീഷണിയുയർത്തി റോഡരികിലെ മരങ്ങൾ

കൊയിലാണ്ടി: കാറ്റും മഴയും ശക്തമാകുമ്പോൾ ദേശീയപാതയിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാനുളള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. വെങ്ങളം മുതൽ മാഹി വരെ ദേശീയപാതയിൽ 130 ഓളം മരങ്ങളാണ് ഭീഷണിയായി നിൽക്കുന്നത്. ഇവ വെട്ടിമാറ്റാൻ ദേശീയപാത അധികൃതർ ടെണ്ടർ നൽകിയെങ്കിലും ടെണ്ടർ എടുക്കാൻ ആളില്ലാ എന്നാണ് പറയുന്നത്.
ചെങ്ങോട്ടുകാവിൽ ദേശീയ പാതയ്ക്കരികിൽ ഒന്നിലധികം തെങ്ങുകളാണ് ഭീഷണിയുയർത്തി നിൽക്കുന്നത്. ഇവ വീണാൽ റെയിൽവെ ഇലട്രിക് ലൈനിലേക്കാണ് പതിക്കുക. ഇത് വൻ അപകടത്തിന് വഴിയൊരുക്കും. കഴിഞ്ഞ മാസം ഇതിന് തൊട്ടടുത്ത് തെങ്ങ് കാറിന്റെ മുകളിലേക്ക് വീണ് ഒരാൾ മരണമടഞ്ഞിരുന്നു. മറ്റ് നിരവധി സ്ഥലങ്ങളിൽ ഭീഷണിയായ മരങ്ങൾ എത് സമയവും വീഴുമെന്ന അവസ്ഥയിലാണ്.

മുറിച്ചു മാറ്റേണ്ട മരങ്ങൾ നമ്പറിട്ട് അടയാളപ്പെടുത്തിയിട്ട് മാസങ്ങളായി. കൊല്ലം സ്വകാര്യ ആശുപത്രിക്ക് മുമ്പിൽ അപകടകാരിയായ മരം മുറിച്ചു മാറ്റാൻ തഹസിൽദാർ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല. കൊല്ലം പെട്രോൾ പമ്പിനു മുന്നിലെ മരം ഒടുവിൽ കമ്പ് മുറിഞ്ഞ് കാറിനു മുകളിൽ വീണപ്പോൾ മാത്രമാണ് മുറിച്ചു മാറ്റിയത്. ദേശീയപാത അധികൃതരുടെ നിസ്സംഗതയാണ് അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തതെന്നാണ് ആരോപണം.

