അപകടസാധ്യതയേറ്റി പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്

കോഴിക്കോട്: ഇനി ഒരു ഉരുള്‍പൊട്ടലുണ്ടായാല്‍ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിലാണ് കോഴിക്കോട് കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപം കഴിയുന്നവര്‍. കണ്‍മുന്നില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടും പാര്‍ക്ക് അപകടമേഖലയിലല്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നിലപാട്. പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്താതെ വൈകിപ്പിക്കുന്നതും ദുരൂഹമാണ്. കഴിഞ്ഞ ദിവസം ശക്തമായി ഉരുള്‍പൊട്ടിയത് പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ ജലസംഭരണിയുടെ തൊട്ടുതാഴെയാണ്. അപകടത്തില്‍ ചെങ്കുത്തായ മലയിലെ വലിയ പാറകളും മരങ്ങളുമടക്കം താഴേക്ക് പതിച്ചു.
വന്‍ ശബ്ദത്തോടെ പാറകളും മണ്ണും ഒലിച്ചിറങ്ങുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കട്ടിപ്പാറ ദുരന്തത്തിന്‍റെ ആക്കം കൂട്ടിയത് സമാനരീതിയില്‍ മലയില്‍ നിര്‍മ്മിച്ച ജലസംഭരണി തകര്‍ന്നത് മൂലമായിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടല്‍ കാര്യമാക്കേണ്ടെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നിലപാട്. അവിടെ സന്ദര്‍ശിച്ചെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞത്.

ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പരിസ്ഥിതി ആഘാതപഠനം നടത്താന്‍ ജിയോളജി വകുപ്പും സിഡബ്ല്യൂആര്‍ഡിഎമ്മിലെ ഉദ്യോഗസ്ഥരും കക്കാടംപൊയിലില്‍ എത്തിയിരുന്നു. എന്നാല്‍ പഠനം നടത്താതെ കാലാവസ്ഥയെ കുറ്റം പറഞ്ഞ് സംഘം മടങ്ങി. പാര്‍ക്കിന് ദുരന്തനിവരാണ അതോറിറ്റി സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. പരിസ്ഥിതി ആഘാതപഠനം എന്ന് പൂര്‍ത്തിയാക്കുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല.

