അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ 1 മുതല്‍ ജിപിഎസ് നിര്‍ബന്ധം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. നിരക്ക് നിയന്ത്രണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയെ ചുമതലപ്പെടുത്തി.
അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ കെ ശശീന്ദ്രന്‍. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്‌ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുത്തു.

സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തു.

