അനില്‍കാന്ത് പുതിയ പൊലീസ് മേധാവി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കാലാവധി തികച്ച് ഒഴിയുന്ന പശ്ചാത്തലത്തില്‍ കേരളത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി ഡിജിപി അനില്‍കാന്തിനെ നിയമിച്ചു. 1988 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അനില്‍കാന്ത് ദില്ലി സ്വദേശിയാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്.

കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുക്കാനുള്ള ചുരുക്കപട്ടികയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് അനില്‍കാന്തിനാണ്. ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. മൂന്നംഗ പട്ടികയില്‍ സീനിയോരിറ്റി സുധേഷ് കുമാറിനാണെങ്കിലും അദ്ദേഹത്തിനെതിരായ ദാസ്യപ്പണി വിവാദം തിരിച്ചടിച്ചെന്നാണ് സൂചന. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംസ്ഥാന പൊലീസ് മേധാവി കൂടിയാണ് അനില്‍ കാന്ത്. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അനില്‍ കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.


തുടര്‍ന്ന് ദില്ലി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കി.


ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

