അനാഥാലയത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു: നടത്തിപ്പുകാരന്‍ ഒളിവില്‍

കോട്ടയം: അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നടത്തിപ്പുകാരന്‍ ഒളിവില്‍. പാമ്പാടി ആശ്വാസഭവന്‍ നടത്തിപ്പുകാരന്‍ ജോസഫ് മാത്യുവിനെതിരെയാണ് (60) കേസ്. ജില്ലാ പൊലീസ് ചീഫ് എന്‍.രാമചന്ദ്രന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു ജോസഫ് മാത്യുവിനെതിരെ പാമ്പാടി പൊലീസ് കേസ് എടുത്തത്. ഇയാള്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പോസ്കോ നിയമപ്രകാരമാണ് നടത്തിപ്പുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍നിന്നും അവര്‍ മൊഴി എടുത്തിരുന്നു. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇയാള്‍ ഇവിടുത്തെ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുള്ളതായിട്ടാണ് അറിവ്.

അതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളില്‍നിന്ന് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുമെന്നും ഇവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ പറഞ്ഞു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കിയതറിഞ്ഞ് നടത്തിപ്പുകാരന്‍ മുങ്ങുകയായിരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് മുങ്ങിയതായിട്ടാണ് അറിയുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

