അനധികൃത ക്വോറിയിൽ ജില്ലാകലക്ടർ വലവീശി: കുടുങ്ങിയത് 17 ലോറികൾ

കൊയിലാണ്ടി: അനധികൃതമായി കരിങ്കൽ കയറ്റികൊണ്ട് പോവുകയായിരുന്ന 17 ലോറികൾ പിടികൂടി. ഇന്നു പുലർച്ചെ നൊച്ചാട് പഞ്ചായത്തിലെ കാവുന്തറ കല്ലാങ്കണ്ടി ക്വാറിയിൽ നിന്നാണ് ലോറികൾ പിടികൂടിയത്. ജില്ലാ കലക്ടർ സീറാം സാംബശിവറാവു, അസിസ്റ്റൻ്റ് കലക്ടർ ശ്രീധന്യ, കൊയിലാണ്ടി തഹസിൽദാർ സി.പി.മണി, ടി. ഷിജു, എം.പി. ജിതേഷ് ശ്രീധർ, വി.കെ. ശശിധരൻ, സി.പി. ലിതേഷ്, എ. സുബീഷ്, ശരത്ത് രാജ്, കെ. സനിൽ, ബിനു എന്നിവർ അടങ്ങിയ റവന്യു സംഘമാണ് സ്ക്വോഡിന് നേതൃത്വം നൽകിയത്.
40ൽ അധികം ലോറികളാണ് ക്വാറിയിൽ ഉണ്ടായിരുന്നത്. ഇതിൽ കരിങ്കല്ല് കയറ്റിയ ലോറികൾ മാത്രമാണ് പിടിച്ചെടുത്തത്. മുഴുവൻ ലോറികളും കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോംമ്പൗണ്ടിൽ പിടിച്ചിട്ടിരിക്കുകയാണ്.


ക്വോറി ഉടമെക്കെതിരെ കേസെടുത്തതായാണ് വിവരം. കോഴിക്കോട് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രേഖകൾ പരിശോധിച്ച് ക്വോറിയുടെ പ്രവർത്തനം നിയമപരമാണോഎന്ന പരിശോധനയാണ് ആദ്യം നടക്കുക. തുടർന്ന് റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. മറ്റ് ക്വോറികളുടെ പ്രവർത്തനം പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.


